hi

വെഞ്ഞാറമൂട്ടിൽ: ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീടിനു നേരെ കാറിലും ബൈക്കിലുമെത്തിയവരുടെ ആക്രമണം. വെഞ്ഞാറമൂട് വലിയകട്ടയ്‌ക്കാൽ മൈലക്കുഴി പുതുവൽവിള വീട്ടിൽ ആനന്ദിന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

ആക്രമണത്തിൽ ആനന്ദ്,അച്ഛൻ കൃഷ്ണകുമാർ,അമ്മ സിന്ധു എന്നിവർക്ക് പരിക്കേറ്റു. മാസ്‌ക്‌ ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിന്റെ ഗേറ്റ് തള്ളിത്തുറക്കുകയായിരുന്നു. ശബ്ദം കേട്ട് സിന്ധു വീടിന്റെ വാതിൽ തുറക്കുന്നതിനിടെ രണ്ടുപേർ വാതിൽ തള്ളിത്തുറന്ന് സിന്ധുവിനെ തള്ളിയിട്ട് ചവിട്ടി. ഈ സമയം അവിടെയെത്തിയ ആനന്ദിനെയും കൃഷ്ണകുമാറിനെയും കമ്പിവടി കൊണ്ട് മർദ്ദിച്ചു. ആനന്ദിന്റെ കൈയ്‌ക്ക് പൊട്ടലും കൃഷ്‌ണകുമാറിനും സിന്ധുവിനും പരിക്കുമുണ്ട്. അക്രമികൾ ജനാലകളും സിറ്റൗട്ടിലുണ്ടായിരുന്ന കസേരകളും അടിച്ചുതകർത്തു.

ബൈക്കിലും കാറിലും മാരകായുധങ്ങളുമായെത്തിയ സംഘത്തിൽ രണ്ടുപേരാണ് വീടിനകത്ത് പ്രവേശിച്ചതെന്നും ഒരാൾ ഗേറ്റിന്റെ സമീപത്ത് നിന്നെന്നുമാണ് വീട്ടുകാർ പറയുന്നത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. വെഞ്ഞാറമൂട് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. നവകേരള സദസുമായി ബന്ധപ്പെട്ട് വലിയ കട്ടയ്ക്കാലിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ-യുവമോർച്ച പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.എ.റഹിം എം.പി,ഡി.കെ.മുരളി എം.എൽ.എ,സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ.സലിം എന്നിവർ ആനന്ദിന്റെ വീട് സന്ദർശിച്ചു.