തിരുവനന്തപുരം:ആഹ്ളാദത്തിരയിൽ ക്രിസ്‌മസ് ആഘോഷിക്കാനൊരുങ്ങി തലസ്ഥാനം. നക്ഷത്രങ്ങൾ നിറഞ്ഞ നഗരത്തിലെ പ്രധാന ആഘോഷ പോയിന്റുകൾ കനകക്കുന്നും മാനവീയം വീഥിയുമാണ്. ക്രിസ്‌മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ടൂറിസം വകുപ്പിന്റെ ദീപാലങ്കാരവും വിപുലമായ ആഘോഷവുമുണ്ട്.സന്ദർശകർക്കായി പ്രത്യേക സെൽഫി പോയിന്റുകളും സജ്ജമാണ്.കേക്കുകളുടെ വില്പന തകൃതിയാണ്. വർണ്ണക്കടലാസിൽ പൊതിഞ്ഞ സമ്മാനകേക്കുകളുടെ വിൽപ്പനയും പൊടിപൊടിക്കുന്നു. വൈനിനും ആവശ്യക്കാരേറെയാണ്.

തിരുപ്പിറവി സ്‌മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്നും നാളെയും പ്രത്യേക പ്രാർത്ഥനകൾ നടക്കും. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഇന്ന് വൈകിട്ട് 7ന് ആരംഭിക്കുന്ന രാത്രി നമസ്‌കാരത്തിനും വിശുദ്ധ കുർബാനയ്ക്കും മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ മുഖ്യകാർമികനാകും. ക്രിസ്‌മസ് ദിനത്തിൽ രാവിലെ 6.15 ന് വിശുദ്ധ കുർബാന. പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ഇന്ന് രാത്രി 11ന് ആരംഭിക്കുന്ന പാതിരാകുർബാനയ്ക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമികനാവും. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഇന്ന് രാത്രി 11.45 ന് പാതിരാ കുർബാന. ക്രിസ്‌മസ് ദിനത്തിൽ രാവിലെ ഏഴിനും വൈകിട്ട് 5.30 നുമുള്ള ദിവ്യബലിക്ക് വികാരി ഫാ.വൈ.എം.എഡിസൺ കാർമ്മികത്വം വഹിക്കും.പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ ഇന്ന് രാത്രി 11.45 ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികനായിരിക്കും. ക്രിസ്‌മസ് ദിനത്തിൽ രാവിലെ 5.30നും 7.15നും വിശുദ്ധ കുർബാന. പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ ക്രിസ്‌മസ് ശുശ്രൂഷകൾ ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കും. സ്‌പെൻസർ ജംഗ്ഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ 25ന് പുലർച്ചെ 2.30ന് രാത്രി നമസ്‌കാരം, തീജ്വാല ശുശ്രൂഷ, വിശുദ്ധകുർബാന.