dddd

തിരുവനന്തപുരം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെളിച്ചമില്ലാത്തത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. സെക്രട്ടേറിയറ്റിന് എതിർവശത്ത് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഈ അവസ്ഥ.

സന്ധ്യയായാൽ അകത്ത് ആൾ ഇരിക്കുന്നത് പുറത്തു നിൽക്കുന്നവർക്ക് കാണാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവ് വിളക്കിൽ നിന്നുള്ള നേരിയ വെളിച്ചം മാത്രമാണ് ഏക ആശ്രയം. ആറ്രിങ്ങൽ,​ശംഖുംമുഖം,​പേട്ട,​മെഡിക്കൽ കോളേജ്,​പേരൂർക്കട തുടങ്ങിയ ഇടങ്ങളിലേക്ക് പോകാൻ യാത്രക്കാർ ആശ്രയിക്കുന്ന കേന്ദ്രമാണിത്. വൈഫൈ ഉൾപ്പെടെയുള്ള ഈ സ്‌മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം ഇരുട്ടിലായിട്ട് ഒന്നരവർഷമായെന്ന് സമീപവാസികൾ പറയുന്നു.

ഡോ.എ.സമ്പത്ത് എം.പിയായിരിക്കെ 2018-19ലെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 9,​49 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമ്മിതി കേന്ദ്രമാണ് 2018ൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. ആറ് എൽ.ഇ.ഡി ബൾബുകളാണ് ഇവിടെയുള്ളത്. സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു പറഞ്ഞു.