k

അനധികൃത സ്വത്തുസമ്പാദനക്കേസിൽ തമിഴ്നാട് ഡി.എം.കെ മന്ത്രിസഭാംഗമായ കെ. പാെൻമുടിക്ക് മദ്രാസ് ഹൈക്കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. പൊൻമുടിക്കൊപ്പം ഭാര്യ വിശാലാക്ഷിക്കും അതേ ശിക്ഷതന്നെ വിധിച്ചിട്ടുണ്ട്. മൂന്നുവർഷം വെറും തടവിനുപുറമേ ഇരുവരും 50 ലക്ഷം രൂപ പിഴയും കെട്ടിവയ്ക്കണം. 2006-2011 കാലത്ത് ഉന്നത വിദ്യാഭ്യാസ-ഖനന വകുപ്പുമന്ത്രിസ്ഥാനം വഹിച്ചിരുന്ന പൊൻമുടിക്കെതിരെ വിജിലൻസ് എടുത്ത അഴിമതിക്കേസിലാണ് ഹൈക്കോടതിയുടെ ശിക്ഷ. വിചാരണകോടതി പൊൻമുടിയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ഹൈക്കോടതി സ്വമേധയാ പ്രസ്തുത കേസ് വീണ്ടും തിരിച്ചുവിളിച്ചാണ് ഡി.എം.കെ മന്ത്രിക്ക് തടവും പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നുവർഷം തടവുശിക്ഷ ലഭിച്ചതിനെത്തുടർന്ന് മന്ത്രിസ്ഥാനത്തുനിന്ന് പൊൻമുടി ഒഴിയേണ്ടിവന്നു. ശിക്ഷാവിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ മന്ത്രിപദത്തിന് പുറമേ എം.എൽ.എ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമാകും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല. അപ്പീൽ നൽകാൻ പൊൻമുടിക്കും ഭാര്യയ്ക്കും 30 ദിവസം സാവകാശം നൽകിയിട്ടുണ്ട്.

മന്ത്രിമാർക്കെതിരെ അഴിമതി ആരോപണവും വിജിലസ് അന്വേഷണവുമൊക്കെ രാജ്യത്ത് പതിവാണ്. എന്നാൽ ഇത്തരത്തിലൊരു കേസിൽ മന്ത്രിമാർ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂർവ്വവുമാണ്. അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ സഹായവും പിന്തുണയും എപ്പോഴും ആരോപണ വിധേയനായ മന്ത്രിക്കൊപ്പം കാണും. കേസ് വർഷങ്ങളോളം നീട്ടിക്കൊണ്ടുപോയി സാക്ഷികളെ സ്വാധീനിച്ചും തെളിവുകൾ ഇല്ലാതാക്കിയും കേസിൽനിന്ന് തലയൂരിപ്പോകാൻ ഒട്ടുമിക്കവർക്കും കഴിയാറുമുണ്ട്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ചരിത്രമുണ്ട്. ഏതാനും മാസത്തെ ജയിൽശിക്ഷയും അവർ അനുഭവിച്ചു.

പൊൻമുടി 2006-2011 കാലയളവിൽ മന്ത്രിയായിരിക്കെ അനധികൃതമായി 1.72 കോടി രൂപ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 2011- ൽ വിജിലൻസ് എടുത്ത കേസിൽ വിചാരണ കോടതി വിധി വരുന്നത് 2016- ലാണ്. വിചാരണ കോടതി പൊൻമുടിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മദ്രാസ് ഹൈക്കോടതി പിന്നീട് ഇതിൽ ഇടപെടുകയും വിചാരണ കോടതിക്ക് തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി കേസ് പുനഃപരിശോധിക്കുകയുമാണ് ചെയ്തത്. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് പൊൻമുടി സമർപ്പിച്ച രേഖകളിൽ നിന്നുതന്നെ അനധികൃത സ്വത്ത് സമ്പാദനം വ്യക്തമാണെന്നതിന് തെളിവുണ്ട്. എന്നാൽ തന്റെയും ഭാര്യയുടെയും വരുമാനം ഒന്നിച്ചുകണക്കാക്കിയതിൽ വന്ന വീഴ്ചയാണിതെന്ന് പൊൻമുടി വാദിച്ചെങ്കിലും കോടതി അത് സ്വീകരിച്ചില്ല.

സ്റ്റാലിൻ മന്ത്രിസഭയിൽ നിന്ന് പുറത്തു പോകേണ്ടിവരുന്ന രണ്ടാമത്തെ മന്ത്രിയാണ് എഴുപത്തിമൂന്നുകാരനായ പൊൻമുടി. മുതിർന്ന നേതാവെന്ന നിലയിൽ വളരെയധികം സ്വാധീനമുള്ള പൊൻമുടി അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെടുന്നത് മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്കും മങ്ങലേൽപ്പിക്കും. കള്ളപ്പണം വെളിപ്പിച്ച കേസിൽ ഇ.ഡി. പിടിയിലായ വൈദ്യുതിമന്ത്രി സെന്തിൽ ബാലാജി ആറുമാസമായി ജയിലിലാണ്. സെന്തിലിന് ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ ഇപ്പോഴും ക്യാബിനറ്റിൽ വകുപ്പില്ലാ പദവിയിൽ നിലനിറുത്തിയിരിക്കുകയാണ്. അഴിമതിക്കുറ്റം മുൻനിറുത്തി വേറെയും മൂന്ന് മന്ത്രിമാർക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി പുനഃപരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇവരെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇവർക്ക് പുറമേ മുൻ മന്ത്രിസഭയിലെ മൂന്നുപേരുടെ കേസുകളും ഹൈക്കോടതിയുടെ പുനഃപരിശോധനാലിസ്റ്റിലുണ്ട്. അധികാരം അഴിമതിക്കുള്ള ലൈസൻസായി മാറുന്നതിന്റെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണിത്.