
തിരുവനന്തപുരം: ഗാർഹിക സൗരോർജ്ജ പദ്ധതി സംസ്ഥാനത്ത് ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുടെ പ്രാധാന്യം ഉൾക്കൊണ്ട് വിപുലീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഗാർഹിക സൗരോർജ്ജ പദ്ധതി വിപുലീകരിക്കുന്നത് നാടിന് ഏറെ ഗുണകരമാകുമെന്ന കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയുടെ നിർദ്ദേശത്തോട് നവകേരളസദസിന്റെ പ്രഭാത യോഗത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യോഗത്തിൽ പങ്കെടുത്തവരുടെ പ്രധാന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. നാടിന്റെ പുരോഗതിയാണു ജനതാത്പര്യമെന്ന് നവകേരള സദസ് തെളിയിച്ചുവെന്നും ഔട്ടർറിംഗ് റോഡ് പദ്ധതി തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന് വലിയ ഭീഷണിയായ മയക്കുമരുന്നു കേസുകളിലെ സ്ഥിരം ക്രിമിനലുകളായ പ്രതികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ എക്‌സൈസ് നിയമം ഫലപ്രദമായി ഉപയോഗിക്കും.
മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ വരുമ്പോൾ ഇവിടെ വേണ്ട, മറ്റൊരിടത്ത് ആകാം എന്നതാണ് പലപ്പോഴും സമീപനമായി വരുന്നത്. മാലിന്യപ്ലാന്റുകൾ നാടിന് ആവശ്യമാണ് എന്ന പൊതുബോധം ഉണ്ടാകണം. കുട്ടികളോടൊപ്പം ചെലവഴിക്കാൻ മുതിർന്നവർ കൂടുതൽ സമയം കണ്ടെത്തണം. എല്ലാവരും മൊബൈൽ നോക്കിയിരിക്കുമ്പോൾ കുട്ടികൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, കോവളം എന്നീ മണ്ഡലങ്ങളിൽ ഉൾപ്പെടുന്നവരുടെ പ്രഭാതസദസ് ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിലാണ് നടന്നത്.
മന്ത്രിസഭാംഗങ്ങൾക്ക് പുറമേ ചീഫ് സെക്രട്ടറി വി.വേണു, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി, സംവിധായകൻ ഷാജി എൻ.കരുൺ,പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, നടൻ ഇന്ദ്രൻസ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി,എ.എ. റഹീം എം.പി, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്,പദ്മശ്രീ ഡോ. ജി.ശങ്കർ, ഭാഗ്യലക്ഷ്മി, ട്രാൻസ്ജെൻഡർ ബോർഡ് അംഗം ശ്യാമ എസ്.പ്രഭ, സരസ്വതി വിദ്യാലയം ചെയർമാൻ ഡോ. രാജ്മോഹൻ, ബോക്സിംഗ് താരം ലേഖ, വെട്ടുകാട് പള്ളി വികാരി ഫാ. എഡിസൺ, നടൻ കരമന സുധീർ, നർത്തകി താര കല്യാൺ,കവി ഗിരീഷ് പുലിയൂർ, രാജീവ് കൃഷ്ണൻ, സംവിധായകൻ രാജസേനൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവരും പ്രഭാത യോഗത്തിൽ പങ്കെടുത്തു.
ഗാനം ആലപിച്ച് ഓമനക്കുട്ടി ടീച്ചർ
നവകേരളസദസിൽ എല്ലാവരും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചപ്പോൾ അർത്ഥവത്തായ ഗാനം ആലപിച്ച് ഡോ.കെ. ഓമനക്കുട്ടി ടീച്ചർ വ്യത്യസ്തയായി. എസ്.രമേശൻ നായർ എഴുതിയ 'ആയിരം പക്ഷികൾ പാടിപ്പറന്നാലും ആകാശമൊന്നു തന്നെ' എന്ന കാവ്യാത്മകമായ ചലച്ചിത്രഗാനമാണ് ടീച്ചർ ആലപിച്ചത്. ഒരുമയുടെ സന്ദേശമാണ് അതിലൂടെ പങ്കുവച്ചത്.