
ശിവഗിരി : 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ തീർത്ഥാടകർക്കായി ഗുരുദൃശ്യം 2023 എന്ന പേരിൽ ചിത്രപ്രദർശനം ബ്രഹ്മവിദ്യാലയത്തിൽ ഒരുക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ജീവിത,ചരിത്രമുഹൂർത്തങ്ങളിലേക്കും ദർശനത്തിലേക്കും വെളിച്ചം വീശുന്ന അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം 25 മുതൽ ജനുവരി 1 വരെയാണ്. ഗുരുദേവന്റെ വിവിധ കാലഘട്ടങ്ങളിലുള്ള അപൂർവ്വ ചിത്രങ്ങൾ, പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ, സ്ഥാപിച്ച വിദ്യാലയങ്ങൾ, ഗുരുദേവൻ ഉപയോഗിച്ച വസ്തുക്കൾ, സന്ദർശിച്ച ഗൃഹങ്ങൾ, ഗുരുദേവന്റെ നേരിട്ടുള്ള സന്യസ്ത ശിഷ്യർ, ഗുരുദേവ കൈപ്പടയിലുള്ള സന്ദേശങ്ങൾ, ധർമ്മസംഘത്തിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും ചരിത്ര ഏടുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള പ്രദർശനത്തിന്റെ ഉദ്ഘാടനം 25ന് രാവിലെ 10 മണിക്ക് യോഗനാദം ന്യൂസ് ചെയർമാൻ സൗത്ത് ഇന്ത്യൻ വിനോദ് നിർവഹിക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയ സന്യാസി ശ്രേഷ്ഠർ ചടങ്ങിൽ സംബന്ധിക്കും. ചിത്രപ്രദർശനത്തിലേക്ക് ചിത്രങ്ങൾ തയ്യാറാക്കിയ കളർ പാർക്ക് ഉടമ ജി. പത്മകുമാറിനെയും ഗുരുദേവ ശിഷ്യരുടെ ചിത്രങ്ങൾ വരച്ചു നൽകിയ കാളിദാസൻ ഷിബു കട്ടപ്പന, പി.എൻ സജി എന്നീ കലാകാരൻമാരെയും ചടങ്ങിൽ ആദരിക്കും.