rose

തിരുവനന്തപുരം: മ്യൂസിയത്തിന് മുന്നിൽ സി. കേശവന്റെ പ്രതിമയ്ക്ക് സമീപത്തുള്ള റോസ് ഗാർഡൻ പുല്ലും പടലും നിറഞ്ഞ് ചെറുവനമായി. ഇപ്പോൾ പേരിൽ മാത്രമാണ് റോസ് ഗാർഡൻ. അൻപതിലധികം റോസും ഓർക്കിഡുകളം മറ്റ് പൂച്ചെടികളും ഉണ്ടായിരുന്ന ഇവിടെ കുറച്ച് തെച്ചിയും ഒരു റോസാച്ചെടിയും മാത്രമാണ് നിലവിലുള്ളത്. റോസനടാനായി തയാറാക്കിയ തടങ്ങൾ പലതിലും കരിയില കൂട്ടിയിട്ട നിലയിലാണ്. തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് റോസ് ഗാർഡനും നിർമ്മിച്ചത്. നഗരത്തിന്റെ ഭംഗികൂട്ടുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച റോസ് ഗാർഡൻ കൃത്യമായ പരിപാലനം ഇല്ലാതെ നശിക്കുന്നെന്നാണ് ആരോപണം. പൂന്തോട്ടത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയും തകർന്നനിലയിലാണ്. തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും (ടി.ആർ.ഡി.സി.എൽ) റോസ് സൊസൈറ്റിയും ചേർന്ന് 2012ലാണ് പൂന്തോട്ടത്തിന് രൂപം നൽകിയത്. ട്രാഫിക്ക് ഐലൻഡ് ആണ് ഇതിനായി ഉപയോഗിച്ചത്. പത്ത് വർഷങ്ങൾക്കിപ്പുറം റോസാത്തോട്ടം പേരിനുപോലുമില്ല. അവശേഷിക്കുന്ന തെച്ചിച്ചെടിയിൽ വള്ളിച്ചെടികൾ പടർന്നു. ഇക്കഴിഞ്ഞ ജൂലായിൽ ടി.ആർ.ഡി.സി.എൽ റോസ്ഗാർഡൻ ഉൾപ്പെടുന്ന റോഡ് കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി) കൈമാറിയത്. അതുകൊണ്ട് റോസ് ഗാർഡന്റെ പരിപാലനചുമതലയും നവീകരണവും കെ.ആർ.എഫ്.ബിക്കാണെന്ന് ടി.ആർ.ഡി.സി.എൽ അധികൃതർ പറയുന്നു. ചെടിക്ക് വെള്ളം നനയ്ക്കാനായി വെച്ച വാട്ടർടാങ്കിൽ കൊതുകാണെന്നും ആക്ഷേപമുണ്ട്.