
തിരുവനന്തപുരം : കനത്ത സുരക്ഷയുള്ള ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാമോർച്ച പ്രവർത്തകർ തള്ളിക്കയറി പടിക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സംഭവത്തിൽ, മൂന്ന് ഡ്യൂട്ടി പൊലീസുകാർക്ക് സസ്‌പെൻഷൻ.
വസതിയുടെ സുരക്ഷാ ചുമതലയുള്ള റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റസ്‌ക്യൂ ഫോഴ്സിലെ (ആർ.ആർ.ആർ.എഫ്) മുരളീധരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവർക്കെതിരെയാണ് നടപടി.
പരാതിക്കാരെന്ന് കരുതിയാണ് ഗേറ്റ് തുറന്നതെന്ന പൊലീസുകാരുടെ വാദം അന്വേഷണം നടത്തിയ ആർ.ആർ.ആർ.എഫ് അസിസ്റ്റന്റ് കമാണ്ടന്റ് തള്ളി. ഡി.ജി.പിയുടെ വീട്ടിൽ പരാതി സ്വീകരിക്കാറില്ല. വന്നത് ആരെന്ന് അറിയാതെ ഉന്നത ഉദ്യോഗസ്ഥരോടോ ഡി.ജി.പിയുടെ സ്റ്റാഫിനോടോ ആലോചിക്കാതെ ഗേറ്റ് തുറന്നത് നിരുത്തരവാദപരമാണെന്ന് റിപ്പോർട്ടിലുണ്ട്. വനിതാ പൊലീസില്ലാതിരുന്നതിനാൽ പ്രതിഷേധക്കാരെ തടയാനായില്ലെന്ന പൊലീസുകാരുടെ വാദവും അംഗീകരിച്ചില്ല.ഡി.ജി.പിക്കു നേരെ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് ലാഘവത്തോടെ കണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. വീഴ്ച സേനയ്ക്കും ആംഡ് പൊലീസ് ആസ്ഥാനത്തിന്റെ സത്പേരിനും കളങ്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബറ്റാലിയൻ ഡി.ഐ.ജി രാഹുൽ ആർ.നായർ മൂവരെയും സസ്‌പെൻഡ‌് ചെയ്തത്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആർ.ആർ.ആർ.എഫ് ഡെപ്യൂട്ടി കമാണ്ടന്റിനെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. വണ്ടിപ്പെരിയാർ പോക്സോ കേസ് പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് ഒത്താശ ചെയ്തതെന്ന് ആരോപിച്ചായിരുന്നു മഹിളാമോർച്ച പ്രതിഷേധം.
വിവാഹ ആൽബം നൽകിയില്ല;
1,18,500 രൂപ നഷ്ടപരിഹാരം
കൊച്ചി: വിവാഹച്ചടങ്ങിന്റെ ഫോട്ടോ ആൽബവും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച കേസിൽ എറണാകുളത്തെ ഫോട്ടോഗ്രാഫിക് സ്ഥാപനം നഷ്ടപരിഹാരം ഉൾപ്പെടെ 1,18,500 രൂപ ഒരു മാസത്തിനകം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടു.
ആലങ്ങാട് സ്വദേശി അരുൺ ജി. നായരും ഭാര്യ ആലുവ ചൊവ്വര സ്വദേശി ശ്രുതിയും നൽകിയ പരാതിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാരഫോറം പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുൾപ്പെട്ട ഫോറമാണ് വിധി പറഞ്ഞത്.
2017 ഏപ്രിൽ 16നായിരുന്നു പരാതിക്കാരുടെ വിവാഹം. ഇതിന്റെ ഫോട്ടോ ആൽബവും വീഡിയോയും തയ്യാറാക്കി നൽകാൻ മുൻകൂറായി 58,500 രൂപ എറണാകുളത്തെ മാട്രിമണി ഡോട്ട് കോം എന്ന സ്ഥാപനത്തിന് നൽകിയിരുന്നു. ബാക്കി 6,000 രൂപ വീഡിയോയും ആൽബവും കൈമാറുമ്പോൾ നൽകാമെന്നായിരുന്നു കരാർ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും നൽകിയില്ല. തുടർന്നാണ് ഹർജിക്കാർ ഉപഭോക്തൃതർക്ക പരിഹാരഫോറത്തെ സമീപിച്ചത്.
പരാതിയിൽ എതിർകക്ഷിക്ക് നോട്ടീസയച്ചെങ്കിലും ഹാജരായില്ല. തുടർന്നാണ് എക്സ് പാർട്ടി വിധിയായത്.