gurukulam

വർക്കല: മനുഷ്യ മനസിനെ ഉത്കൃഷ്ടമാക്കി സമൂഹത്തെ നന്നാക്കാനുള്ള പരിശ്രമമാണ് ശ്രീനാരായണ ഗുരു നടത്തിയതെന്ന് മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി പറഞ്ഞു.

നാരായണ ഗുരുകുലത്തിന്റെ 73-ാമത് വാർഷിക കൺവെൻഷൻ വർക്കല നാരായണ ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തേ കൺവെൻഷന് തുടക്കം കുറിച്ച് ഡോ.പീറ്റർ മൊറാസ് പതാക ഉയർത്തി.

അന്നത്തെ സമൂഹത്തിൽ നടമാടിയ അനീതിയും ജാതി വ്യവസ്ഥയും മറ്റ് പ്രശ്നങ്ങളും കാരുണ്യവും അനുകമ്പയും നിറഞ്ഞ ഗുരുവിന്റെ മനസിനെ പ്രയാസപ്പെടുത്തിയിരുന്നു. മനുഷ്യൻ ഇങ്ങനെയൊരു സമൂഹത്തിന് വേണ്ടിയുള്ള സൃഷ്‌ടിയാണോ എന്ന് ആലോചിച്ച ഗുരു, മനുഷ്യനെയും പ്രപഞ്ചത്തെയും കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്ന അദ്വൈത തത്വചിന്തയിൽ ആകൃഷ്‌ടനായി. സമൂഹത്തിൽ കാണുന്നത് സത്യമല്ല. പരമമായ സത്യം സാക്ഷാത്കരിക്കാൻ സമൂഹം മറ്റ് പല രീതിയിൽ പരിശ്രമിച്ചു മുന്നേറണം എന്ന അവബോധത്തിൽ എത്തി. അത് സമൂഹത്തിന് പകരാൻ അദ്വൈത ചിന്തയിൽ അധിഷ്‌ഠിതമായ ദർശനം പടുത്തുയർത്തി. ആ ദർശനം മനോഹരമായി ഗുരുവിന്റെ കൃതികളിൽ കാണാം. മനുഷ്യനും പ്രപഞ്ചവും എങ്ങനെ ഏകീഭാവം സാധിക്കുന്നു എന്നതാണ് ഗുരുദേവ കൃതികളിൽ കാണുന്നത്. ചിന്തയുടെ ഹിമാലയം എന്ന് വിശേഷിപ്പിക്കുന്ന ഉപനിഷത്തുകളുടെ അടിത്തറയിൽ ഉറച്ചു നിന്ന് ജീവിതം ഉത്കൃഷ്ടമാക്കാൻ മനുഷ്യ മനസ്സിനെ മാറ്റാനുള്ളതായിരുന്നു ഗുരുവിന്റെ അന്വേഷണം. ഗഹനമായ തത്വചിന്തയിൽ നിന്ന് ഉരുതിരിഞ്ഞതാണെങ്കിലും നിത്യ ജീവിതത്തിൽ പ്രയോജനപ്പെടുന്ന ലളിതമായ സന്ദേശങ്ങളാണ് ഗുരുദേവൻ സമൂഹത്തിന് നൽകിയത്. ഗുരുദേവന്റെ ജ്ഞാനമാർഗം കൂടുതൽ പ്രശോഭിതമാക്കാനാണ് നടരാജ ഗുരു നാരായണ ഗുരുകുലം സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ സമൂഹ്യപരിഷ്കരണത്തിൽ ജ്ഞാനത്തിന്റെ വഴി കൂടുതൽ കൂടുതൽ അന്വേഷിക്കാൻ നാരായണ ഗുരുകുലത്തിന് കഴിഞ്ഞു. ഗുരുദർശനം കേരളത്തിനോ ഭാരതത്തിനോ വേണ്ടി മാത്രമല്ല, ലോകത്തിന് മുഴുവനുമായുള്ള ഏകാത്മക ദർശനമാണ്. ഗുരുദേവ ദർശനം കൂടുതൽ അറിയാനുള്ള പരിശ്രമങ്ങൾ ഇപ്പോഴാണ് കൂടുതൽ പേരിലേക്ക് എത്തുന്നതെന്നും വി.പി.ജോയി പറഞ്ഞു.

സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഋതംഭരാനന്ദ, നാൻസി യീൽഡിംഗ് (അമേരിക്ക), എമ്മ വാക്കർ (ആസ്ട്രേലിയ), ജയമോഹൻ (തമിഴ് സാഹിത്യകാരൻ) തുടങ്ങിയവർ സംസാരിച്ചു. മലയാളം സുവനീറുകൾ നാരായണഗുരു, നടരാജഗുരു, ഗുരു മുനിനാരായണപ്രസാദ് , മഹാഗുരു ഇംഗ്ലീഷ് കവിത എന്നീ പുസ്‌തകങ്ങളുടെ പ്രകാശനവും നടന്നു.

വൈകിട്ട് ഗുരുകുല ശതാബ്ദി സമാപന സമ്മേളനം സ്വാമി വ്യാസപ്രസാദ് ഉദ്ഘാടനം ചെയ്‌തു. സ്വാമി തന്മയ, സ്വാമി വിദ്യാധിരാജ, സ്വാമി ശാന്താനന്ദ തീർത്ഥ, സ്വാമി തത്വ തീർത്ഥ, സ്വാമിനി ആത്മപ്രിയ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി .