ശംഖുംമുഖം: കോവളം മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കുമരിച്ചന്തയിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരും പൂന്തുറ സ്വദേശികളുമായ സുരേഷ്,തദയൂസ്,ഷാഹൂൽ,ദിലീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ ഭാഗത്ത് പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സ്ഥലത്ത് രാവിലെ മുതൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. മുൻകരുതലെന്ന നിലയിൽ ഐ.എൻ.ടി.യു.സിയിലെ ചുമട്ടുതൊഴിലാളികളെ റോഡിൽ തടഞ്ഞുനിറുത്തി വാഹനത്തിൽ കയറ്റാൻ പൊലീസ് ശ്രമിച്ചു. ബാക്കിയുള്ളവർ ഇത് ചോദ്യം ചെയ്‌തതോടെ കൂടുതൽ പൊലീസെത്തി ഇവരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ഒടുവിൽ പൊലീസ് വാഹനത്തിൽ കയറ്റിയ ഇവരെ നാട്ടുകാർ ബലം പ്രയോഗിച്ച് വാഹനത്തിൽ നിന്ന് പുറത്തിറക്കി.

ഇതിനിടെ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് കുമരിച്ചന്ത ഭാഗത്തെത്തിയതോടെ വിവിധയിടങ്ങളിൽ കാത്തുനിന്ന കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് കരിങ്കൊടിയുമായി വാഹനത്തിന് നേരെ ചാടുകയായിരുന്നു. ഇവരെ ബലമായി പിടിച്ച് പൊലീസ് വാഹനത്തിൽ കയറ്റി പൂന്തുറ സ്റ്റേഷനിലെത്തിക്കാതെ മറ്റ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയതോടെ കോൺഗ്രസ് പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് ശംഖുംമുഖം എ.സി.പി അനുരൂപിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കസ്റ്റഡിലെടുത്തവരെ ഉടൻ പൂന്തുറ സ്റ്റേഷനിലെത്തിക്കാമെന്ന് ഉറപ്പുനൽകി. കസ്റ്റഡിലെടുത്തവരെ പൂന്തുറ സ്റ്റേഷനിലെത്തിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.