തിരുവനന്തപുരം:സുഗതകുമാരിയും പ്രകൃതിയും ഒന്നാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. കവയിത്രി സുഗതകുമാരിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സുഗതകുമാരി ആഘോഷസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സുഗത സ്മൃതി സദസ് എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാം നിലനിൽക്കുന്നതു തന്നെ അവർ ജീവിച്ചിരുന്നതുകൊണ്ടാണ്. പ്രകൃതി ചൂഷണത്തിനെതിരെ പോരാടണം.
മനസിൽ മരമായി നിന്ന്
തണൽ നൽകി: പന്ന്യൻ
കാപട്യമില്ലാത്ത മനസായിരുന്നു സുഗതകുമാരിയുടേതെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അനുസ്മരിച്ചു. സി.പി.ഐയുടെ എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ സുഗതകുമാരിയുടെ ഓർമ്മയ്ക്ക് ഒരു മരമുണ്ട്. മാധവി എന്നാണ് ഒ.എൻ.വി. കുറുപ്പ് അതിന് നൽകിയ പേര്. അതുപോലെ മനുഷ്യന്റെ മനസിൽ മരമായി നിന്നു തണൽ നൽകിയ ആളാണ് സുഗതകുമാരിയെന്നും പന്ന്യൻ അനുസ്മരിച്ചു. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗാന്ധി സ്മാരക സ്മൃതി ചെയർമാൻ എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ,ഹാബിറ്റാറ്റ് സ്ഥാപകൻ ഡോ.ജി ശങ്കർ,മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട,കവി കല്ലറ അജയൻ,ബി.ജെ.പി നേതാവ് വി.ടി. രമ,സമിതി പ്രതിനിധി കെ.ഉദയകുമാർ,പങ്കജാക്ഷൻ,സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്കു മുന്നോടിയായി മാനവീയം വീഥിയിലെ ഓർമ്മ മരച്ചുവട്ടിൽ സുഗതകുമാരിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.