navakerala

തിരുവനന്തപുരം: നാല് വോട്ടിനുവേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. പൂജപ്പുര മൈതാനത്ത് നേമം നിയോജകമണ്ഡലത്തിലെ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള സദസ് ബി.ജെ.പിക്ക് എതിരല്ല. എന്നാൽ ബി.ജെ.പിയെ പറയുമ്പോൾ പ്രതിപക്ഷ നേതാവിന് അത് വലിയ പ്രയാസമാണ്. അത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി, അക്കാര്യം നാട്ടുകാർക്കും മനസിലാകുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.

ബി.ജെ.പിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവകേരള സദസ്. സംസ്ഥാനത്തിന് തടസ്സം നിൽക്കുന്ന കേന്ദ്ര തടസങ്ങൾ മാറണം. കഴിഞ്ഞ ഏഴരവർഷം കൊണ്ട് കേരളത്തിന് കിട്ടേണ്ട 1.07ലക്ഷം കോടി രൂപയാണ് കിട്ടാതെപോയത്. അത് ജനങ്ങൾക്കുമുന്നിൽ പറയണം. പക്ഷേ,​ ബി.ജെ.പിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതൽ ഏറ്റെടുത്തത് വി.ഡി.സതീശനാണ്. നാടിന്റെ താത്പര്യത്തിന് ഒപ്പമാകും സതീശനെന്നാണ് കരുതിയത്. എന്നാൽ അതല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നേമത്താണ് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് കൂട്ടുനിന്നത്. കേരളത്തിന്റെ മതനിരപേക്ഷതാബോധം ഉയർന്നപ്പോൾ ബി.ജെ.പി.യെ പരാജയപ്പെടുത്തി. സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളും ബി.ജെ.പിക്ക് പ്രിയപ്പെട്ടവരാണ്. അവർ പല അവസരവാദ കളികളും നടത്തിയിട്ടുണ്ട്.

കേന്ദ്രത്തിനെതിരെ അരനേരം ശബ്ദിക്കാൻ യു.ഡി.എഫ് എം.പിമാർക്ക് കഴിഞ്ഞിട്ടില്ല. എല്ലാവരും ബി.ജെ.പി.യെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്.എന്നാൽ,​ കോൺഗ്രസ് പ്രവർത്തകർ അതിന് എതിരാണ്. അത് മനസിലായപ്പോൾ വിറളിപൂണ്ട കോൺഗ്രസ് നേതൃത്വം അടിക്കെടാ, എറിയെടാ എന്നെല്ലാമാണ് പറയുന്നത്. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.