തിരുവനന്തപുരം: മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർക്ക് പകരം കടന്നപ്പള്ളി രാമചന്ദ്രൻ കെ.ബി.ഗണേഷ് കുമാർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനായി രാജ്ഭവൻ ഗ്രൗണ്ടിൽ പന്തലിടാൻ ഗവർണറുടെ അനുമതി. ചടങ്ങിൽ ആയിരത്തിലേറെ പേർ പങ്കെടുക്കുമെന്നും രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നിന്ന് സത്യപ്രതിജ്ഞ പുറത്തെ പന്തലിലേക്ക് മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് പന്തലിടാൻ മരാമത്ത് വകുപ്പിന് ഗവർണർ ഇന്നലെ അനുമതി നൽകിയത്. 29ന് സത്യപ്രതിജ്ഞ ഉണ്ടായേക്കും. രാജ്ഭവൻ, പൊലീസ്, ടൂറിസം, മരാമത്ത്, പൊതുഭരണ വകുപ്പുകളുടെ അവലോകന യോഗം 27ന് ചേരും.

ഇപ്പോൾ ഉത്തരേന്ത്യയിലുള്ള ഗവർണർ 28ന് വൈകിട്ട് രാജ്ഭവനിൽ മടങ്ങിയെത്തും. 29ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താനാണ് സാദ്ധ്യത. സത്യപ്രതിജ്ഞ സംബന്ധിച്ച സർക്കാർ കത്ത് ഇതുവരെ രാജ്ഭവനിൽ ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചാൽ വേണ്ട ഒരുക്കങ്ങൾ നടത്താൻ ഉദ്യോഗസ്ഥരോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പാർക്കിംഗിന് മൻമോഹൻ ബംഗ്ലാവിനടുത്തെ രണ്ടാംഗേറ്റിന് സമീപത്തും ഡിസ്പെൻസറിക്കടുത്തും സൗകര്യമൊരുക്കും. വി.ഐ.പികളെ പ്രധാന ഗേറ്റിലൂടെയും ക്ഷണിതാക്കളെ രണ്ടാം ഗേറ്റിലൂടെയും പ്രവേശിപ്പിക്കാനാണ് തീരുമാനം. പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗം രാജ്ഭവനിൽ സ്ഥലപരിശോധന നടത്തി.