arrest-

കുന്നംകുളം: മലങ്കര ആശുപത്രിക്ക് പിറകുവശത്ത് നിർമ്മിക്കുന്ന അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിനായി കൊണ്ടുവന്നിരുന്ന 50 കെട്ട് ഇരുമ്പ് കമ്പികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പോർക്കളേങ്ങാട് ആനായിക്കൽ സ്വദേശി കരിയേടത്ത് വീട്ടിൽ സനൽ (22), കുന്നംകുളം അടുപ്പൂട്ടി സ്വദേശി തൂപുറത്ത് വീട്ടിൽ അതുൽ (20) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തെ തുടർന്ന് അപ്പാർട്ട്‌മെന്റ് നിർമ്മാണം നടത്തുന്ന കെ.എസ്.എ ബിൽഡേഴ്‌സ് കമ്പനി ഗ്രൂപ്പ് കുന്നംകുളം പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയാണ് പ്രതികൾ പിടിയിലായത്. പില്ലറുകൾക്ക് ഉപയോഗിക്കുന്ന 50 കെട്ട് കമ്പികളാണ് മോഷ്ടിച്ചത്. ഒരു കെട്ടിന് 1000 രൂപ വില വരുന്ന കമ്പികളാണ് നിർമ്മാണ സ്ഥലത്ത് നിന്നും മോഷ്ടിച്ചത്. മോഷ്ടിച്ച ഇരുമ്പ് കമ്പി കെട്ടുകൾ സമീപത്തെ പുല്ല് പിടിച്ചു കിടക്കുന്ന പൊന്തക്കാട്ടിലേക്ക് മാറ്റുകയും അവിടെ നിന്ന് സൗകര്യപൂർവം തവണകളായി ബൈക്കിലെത്തി സംഘം മോഷ്ടിച്ച് കടത്തുന്നതായി പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.