ചാലക്കുടി: ഐ.ടി.ഐയിലെ എസ്.എഫ്.ഐയുടെ വിജയാഹ്‌ളാദത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ രാത്രി ഡിവൈ.എസ്.പി ക്ക് നേരെ കൈയേറ്റ ശ്രമം. വൈകിട്ടത്തെ സംഘർഷത്തിന് ശേഷം തൃശൂർ ക്യാമ്പിൽ നിന്ന് പൊലീസെത്തുകയും ഐ.ടി.ഐ പരിസരത്ത് തമ്പടിക്കുകയും ചെയ്തു. സംഘർഷമുണ്ടാക്കിയ എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനായി ഇവർ താമസസ്ഥലത്തെത്തി. ബലം പ്രയോഗിച്ച് ചിലരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി തടഞ്ഞു. ഇതോടെയാണ് ചാലക്കുടി ഡിവൈ.എസ്.പി: ടി.എസ്. സുനോജിനെ കൈയേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായത്. കൈയേറ്റ ശ്രമത്തിന് പിന്നാലെ വീണ്ടും ലാത്തിവീശി. അതേസമയം വൈകീട്ടത്തെ അക്രമസംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ മുൻ എം.എൽ.എ ബി.ഡി. ദേവസി സംഭവസ്ഥലത്തെത്തി പ്രവർത്തകരെ നിയന്ത്രിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. ഇതോടെ സംഘർഷത്തിന് അയവ് വന്നു. സംഘർഷത്തിനിടെ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അശ്വിൻ, സാംസൺ എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി വൈകി റൂറൽ എസ്.പി: പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.