charamam-haridas-nair

തൃപ്രയാർ: എടമുട്ടത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പിൻകഴുത്തിൽ വെട്ടേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ചങ്ങരംകുളം വീട്ടിൽ ഹരിദാസ് നായരാണ് (53) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് കഴിമ്പ്രം എടച്ചാലി വീട്ടിൽ സുരേഷിനെ (65) വലപ്പാട് സി.ഐ: സുശാന്തിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തോടെ കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സുരേഷിന്റെ വീട്ടിലാണ് ഹരിദാസ് നായരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നോക്കിയപ്പോഴാണ് വീട്ടുവരാന്തയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. പിൻകഴുത്തിൽ വെട്ടേറ്റിട്ടുണ്ട്. കൈയിൽ ചെറിയ മുറിവുണ്ട്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. സുഹൃത്തുക്കളായ ഇവർ വീട്ടിൽ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. സുരേഷ് ഒറ്റയ്ക്കാണ് വീട്ടിൽ താമസം. വീടിന്റെ സമീപത്ത് നിന്നും വെട്ടാനുപയോഗിച്ച വെട്ടുകത്തി പൊലീസ് കണ്ടെടുത്തു. ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മരിച്ച ഹരിദാസ് നായരുടെ ഭാര്യ ജൂലി. മക്കൾ: അരുൺ സച്ചിൻ, സോണ.