
കൂടരഞ്ഞി: മാതൃ സഹോദരന്റെ വീട്ടിൽ വച്ച് ആദിവാസി വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ചതായി പരാതി.കക്കാടംപൊയിൽ ആദിവാസി കോളനിയിലെ വിദ്യാർത്ഥിക്കാണ് കെട്ടാങ്ങലിൽ മർദ്ദനമേറ്റത്. കഴിഞ്ഞ ഇരുപതാം തിയ്യതി രാത്രിയാണ് സംഭവം. പിതാവ് നിലമ്പൂരും മാതാവ് കോഴിക്കോടുമുള്ള ജോലി സ്ഥലത്തായതിനാൽ വിദ്യാർത്ഥി മാതൃ സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
അതിനിടെ ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് നേരം വൈകി വന്നപ്പോൾ മാതൃ സഹോദരൻ ദേഷ്യപ്പെടുകയും പരസ്പരം വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തതായി വിദ്യാർത്ഥി പറഞ്ഞു. തർക്കം രൂക്ഷമായപ്പോൾ പോലീസിനെ വിളിക്കുകയും കുന്ദമംഗലം പോലീസെത്തി മർദ്ദിക്കുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.
തലയ്ക്കും കാലിനുമുൾപ്പെടെ പരിക്കേറ്റ വിദ്യാർത്ഥി മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. താൻ ആദിവാസിയാണെന്നറിഞ്ഞപ്പോൾ പോലീസ് മർദ്ദനം നിർത്തുയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം കുന്ദമംഗലം പൊലീസ് നിഷേധിച്ചു. അന്നേ ദിവസം രാത്രി പൊലീസ് മറ്റൊരു കേസിനായി പോയതായിരുന്നുവെന്നും പൊലീസ് അറിയിച്ചു.