
എടക്കര: ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മിക്കാനുള്ള തുക അനുവദിക്കാൻ വിധവയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ ചുങ്കത്തറ സ്വദേശി ആമ്പുക്കാടൻ നിജാഷിനെ വിജിലൻസ് പിടികൂടി. ലൈഫ് മിഷനിലെ ആദ്യഗഡുവായ 40,000 രൂപ കഴിഞ്ഞ ദിവസം വഴിക്കടവ് തോരൻകുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിരുന്നു.
അടുത്ത ഗഡുക്കൾ അനുവദിക്കണമെങ്കിൽ 20,000 രൂപ കൈക്കൂലി നൽകണമെന്ന് വി.ഇ.ഒ ഫോണിലൂടെ ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാനാവില്ലെന്ന് അറിയിച്ചപ്പോൾ ആദ്യം 10,000 രൂപയും പിന്നീട് ബാക്കിയും നൽകിയാൽ മതിയെന്ന് അറിയിച്ചു. ഇക്കാര്യം മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീക്കിനെ അറിയിച്ചു. വിജിലൻസ് നൽകിയ 10,000 രൂപയുമായി പരാതിക്കാരി ഇന്നലെ ഉച്ചയ്ക്ക് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലെത്തി തുക കൈമാറുന്നതിനിടെ വി.ഇ.ഒയെ പിടികൂടുകയായിരുന്നു.
പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ശ്രീനിവാസൻ, മോഹനകൃഷ്ണൻ, സജി, എ.എസ്.ഐമാരായ സലിം, ഷിഹാബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, സന്തോഷ്, ജിറ്റ്സ്, ഷൈജു മോൻ, സുനിൽ, വിജയകുമാർ, രത്നകുമാരി, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജേഷ്, സുബിൻ, ശ്യാമ എന്നിവരുണ്ടായിരുന്നു.