
മണ്ണാർക്കാട്: സ്വന്തം നാട്ടിലെ തോടിന്റെയും റോഡിന്റെയും നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് അധികൃതർക്ക് പരാതി നൽകിയ റിട്ട:ഉദ്യോഗസ്ഥന് തപാലിൽ ഊമക്കത്തായി വധഭീഷണി. തച്ചനാടുകര പഞ്ചായത്തിലെ പാലോട് സ്വദേശിയും റിട്ട:തപാൽ ഉദ്യോഗസ്ഥനുമായ കുഴിയാക്കിൽ വീട്ടിൽ ബാലകൃഷ്ണനാണ് വധഭീഷണിയുള്ള കത്ത് ലഭിച്ചത്. തച്ചനാട്ടുകര പഞ്ചായത്തിൽപ്പെടുന്ന എട്ടാം വാർഡായ പാലോടിലെ തോട് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം ഇദ്ദേഹം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസർക്ക് പരാതിയും നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുകയാണ്. കൂടാതെ പ്രദേശത്തെ തന്നെ ഒരു റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടും ഇദ്ദേഹം സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതെല്ലാമായിരിക്കാം തനിക്കെതിരെ ഭീഷണി ഉയരാനുള്ള കാരണമായി ഇദ്ദേഹം കരുതുന്നത്. അരിയൂർ പോസ്റ്റ് ഓഫീസിൽ നിന്നും പോസ്റ്റ് ചെയ്ത ഫ്രം അഡ്രസില്ലാത്ത കത്ത് 20 തീയ്യതിയാണ് കിട്ടിയത്. തങ്ങൾക്ക് ക്വട്ടേഷൻ ലഭിച്ചിട്ടുണ്ടെന്നും ടിപ്പറോ ടെമ്പോയോ ഉപയോഗിച്ച് അപായപ്പെടുത്തുമെന്നുമാണ് കത്തിലെ ഉള്ളടക്കം. അന്ന് തന്നെ ഇത് സംബന്ധിച്ച് നാട്ടുകൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഭാര്യയും രണ്ട് പെൺ മക്കളുമടങ്ങുന്നതാണ് ബാലകൃഷ്ണന്റെ കുടുംബം. ഭീഷണി കത്തിനെ തുടർന്ന് കുടുംബവും ഏറെ ഭീതിയിലാണ്. തനിക്ക് രാഷ്ട്രീയ പ്രവർത്തനമൊന്നുമില്ലെന്നും നാട്ടിൽ കണ്ട അനീതിക്കെതിരായി ശബ്ദമുയർത്തുക മാത്രമാണ് ചെയ്തതെന്നും പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കാൻ നോക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.