
പാലക്കാട്: പതിനൊന്ന് വയസുള്ള പട്ടികജാതി പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി പാലക്കാട് മാങ്കാവ് സ്വദേശി ശിവകുമാറിന് 82 വർഷം കഠിന തടവും 3,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2019 ൽ കോങ്ങാടാണ് സംഭവം. പട്ടാമ്പി പ്രത്യേക അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്കു നൽകാനും വിധിയായി. കോങ്ങാട് സബ് ഇൻസ്‌പെക്ടർ ആയിരുന്ന സത്യൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ബാബു കെ.തോമസ്, സാജു കെ.തോമസ്, ഇൻസ്‌പെക്ടർമാരായ വിനു, കെ.സി.ജോൺസൺ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്ക്യൂട്ടർ നിഷ വിജയകുമാർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മഹേശ്വരി പ്രോസിക്ക്യൂഷനെ സഹായിച്ചു. കേസിൽ 17 രേഖകൾ ഹാജരാക്കി. 19 സാക്ഷികളെ വിസ്തരിച്ചു.