
തിരുവനന്തപുരം: തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കും കേന്ദ്രത്തിനും അയച്ച കത്തിന് മറുപടി നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിൽ കാണും.
ഹിന്ദിയിൽ തയ്യാറാക്കിയ വിശദീകരണ കുറിപ്പുമായി ഇന്ന് ആഭ്യന്തരമന്ത്രി അമിത്ഷായെ കാണും. പ്രധാനമന്ത്രിയെ അടുത്തദിവസം കാണാൻ അനുമതി തേടിയിട്ടുണ്ട്.
തുടർച്ചയായി പ്രോട്ടോക്കോൾ ലംഘിക്കുന്നതായും നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതടക്കം ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ കത്തിലെ ആരോപണം. കാലിക്കറ്റ് വാഴ്സിറ്റിയിലെ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഭരണരംഗത്ത് ഗവർണർ അസാധാരണ നടപടികൾ സ്വീകരിക്കുന്നെന്ന ആരോപണം.
തന്നെ ആക്രമിക്കാൻ പാർട്ടി പ്രവർത്തകരെ അയച്ചെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഗവർണറുടെ കുറിപ്പിൽ മുഖ്യമന്ത്രിക്കെതിരേയുള്ളതെന്നാണ് സൂചന. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ റോഡിൽവച്ച് അതിക്രമമുണ്ടായപ്പോൾ കാറിൽ നിന്നിറങ്ങിയത് സ്വയരക്ഷാർത്ഥമാണെന്നും ഇറങ്ങിയില്ലായിരുന്നെങ്കിൽ കാറിൽ വച്ച് ആക്രമിക്കപ്പെടുമായിരുന്നെന്നും ഗവർണർ അറിയിക്കും.
തന്റെ സുരക്ഷയിൽ മനഃപൂർവ്വം വീഴ്ചവരുത്തുകയാണ്. പ്രതിഷേധക്കാർ പൊലീസിനെ മറികടന്ന് രാജ്ഭവൻ വളപ്പിൽ കയറി. ഗവർണർമാരുടെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കാൻ കേന്ദ്രം തീരുമാനമെടുക്കണമെന്നും ആവശ്യപ്പെടും. ഗവർണർ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പെരുമാറ്റം കേന്ദ്ര സർക്കാർ പരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ തിരിഞ്ഞതും കോഴിക്കോട് മിഠായിത്തെരുവിലെ യാത്രയും മനഃപൂർവം പ്രകോപനം സൃഷ്ടിക്കുന്നതിനായാണ്. സുരക്ഷാപ്രോട്ടക്കോൾ നിരന്തരം ലംഘിക്കുന്നതിന് ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
കേരള സെനറ്റ്:ഗവർണറുടെ
നോമിനേഷനുള്ള സ്റ്റേ നീട്ടി
കൊച്ചി: കേരള സർവകലാശാലാ സെനറ്റിലേക്ക് രജിസ്ട്രാർ നൽകിയ പട്ടിക തള്ളി സ്വന്തം നിലയ്ക്ക് നാലു പേരെ നോമിനേറ്റ് ചെയ്ത ഗവർണറുടെ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി മൂന്നാഴ്ച നീട്ടി. സ്റ്റേ നീക്കണമെന്ന ഗവർണറുടെ ആവശ്യം നിരസിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.
ഹ്യുമാനിറ്റീസ്, സയൻസ്, ഫൈൻ ആർട്സ്, സ്പോർട്സ് കാറ്റഗറികളിലേക്ക് ഗവർണർ സ്വന്തം നോമിനേഷൻ നടത്തിയതിനെതിരെ അരുണിമ അശോക്, ടി.എസ്. കാവ്യ, നന്ദകിഷോർ, പി.എസ്. അവന്ത് സെൻ എന്നിവർ നൽകിയ ഹർജികളിലാണ് ഹൈക്കോടതി നേരത്തെ സ്റ്റേ അനുവദിച്ചത്. അഭിഷേക്. ഡി. നായർ, എസ്.എൽ. ധ്രുവിൻ, മാളവിക ഉദയൻ, സുധി സുധൻ എന്നിവരെയാണ് ഗവർണർ നാേമിനേറ്റ് ചെയ്തത്. മതിയായ യോഗ്യതയില്ലാത്തവരെയാണ് ചാൻസലർ എന്ന അധികാരത്തിൽ ഗവർണർ നോമിനേറ്റ് ചെയ്തതെന്നും തങ്ങളെ ഒഴിവാക്കിയത് സ്വേച്ഛാപരമാണെന്നും ഹർജിക്കാർ വാദിക്കുന്നു.
സെനറ്റ് നോമിനേഷനെക്കുറിച്ച് സർവകലാശാലാ ചട്ടങ്ങളിലും നിയമങ്ങളിലും കൃത്യമായി പറയുന്നില്ലെന്നും ആരെ നോമിനേറ്റ് ചെയ്യണമെന്നത് തന്റെ വിവേചനാധികാരമാണെന്നും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ഗവർണർ വാദിച്ചു. സർവകലാശാലയുടെ പട്ടിക തള്ളി സ്വന്തമായി നോമിനേറ്റ് ചെയ്യാൻ എന്ത് അധികയോഗ്യതയാണ് ഇവർക്കുള്ളതെന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. ചാൻസലറും സർവകലാശാലയും വിശദീകരണം നൽകാൻ നിർദ്ദേശിച്ച് ഹർജികൾ ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.