
തിരുവനന്തപുരം: പ്രതിഷേധം കണക്കിലെടുത്ത് നവകേരള സദസിന്റെ അവസാനത്തെ യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ റൂട്ട് മാറ്റി. കഴക്കൂട്ടത്തെ നവകേരള സദസ് കഴിഞ്ഞ് വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലേക്കുള്ള യാത്രയുടെ റൂട്ടാണ് അവസാന നിമിഷം മാറ്റിയത്. ശാസ്തമംഗലത്ത് കെ.പി.സി.സി ആസ്ഥാനത്തിനു മുന്നിലൂടെയുള്ള പ്രധാന റോഡ് വഴി വട്ടിയൂർക്കാവ് സദസിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്.
കോൺഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാർച്ചിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഉൾപ്പെടെ ജലപീരങ്കിയും കണ്ണീർവാതകവും ഏൽക്കേണ്ടി വന്നിരുന്നു.ഈ സാഹചര്യത്തിൽ പ്രവർത്തകർ കെ.പി.സി.സി ആസ്ഥാനത്ത് തടിച്ചുകൂടിയിരുന്നു. ബസ് തടഞ്ഞു നിറുത്തുന്ന സാഹചര്യം വരെ ഉണ്ടാകാമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടത്തു നിന്ന് അമ്പലമുക്ക് പേരൂർക്കട വഴി വട്ടിയൂർക്കാവ് ഗ്രൗണ്ടിൽ എത്തിയത്.സംഭവം ചോരുമെന്നുള്ളതുകൊണ്ട് വയർലെസ് സന്ദേശങ്ങൾ ഒഴിവാക്കി. രസഹ്യവിവരങ്ങൾ നൽകിയാണ് റൂട്ട് മാറ്റി സ്ഥലത്തെത്തിയത്. ഇതിനായി അധികം പൊലീസുകാരെയും നിയോഗിച്ചിരുന്നു.