
പോത്തൻകോട് : മഞ്ചേശ്വരം മുതൽ പാറശാല വരെ മുപ്പത്തിയാറ് ദിവസം മന്ത്രിസഭ ഒന്നടങ്കം
എത്തിയത് ജനാധിപത്യ ചരിത്രത്തിലെ അത്യപൂർവ്വ മുന്നേറ്റ
മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കഴക്കൂട്ടം മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ മുന്നോട്ടുള്ള പോക്കിനും നടപ്പിലാക്കുന്ന വികസനപദ്ധതികൾക്കും കൂടുതൽ ഊർജ്ജം പകരുന്നതിന് ജനപിന്തുണ തേടിയാണ് നവകേരള സദസ് സംഘടിപ്പിച്ചത്.
പ്രതിപക്ഷ നേതാവാണ് നവകേരള സദസിനെ ബഹിഷ്‌കരിച്ചവരിൽ പ്രധാനി. എന്നാൽ
ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരുടെ ആൾക്കാരും പങ്കെടുത്തെന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. എല്ലാ മണ്ഡലത്തിലും എം.എൽ.എ മാരാണ് അദ്ധ്യക്ഷതയും സംഘാടനവും വഹിക്കേണ്ടത്. 41 മണ്ഡലങ്ങളിൽ യു.ഡി.എഫ് എം.എൽ.എമാർ സഹകരിക്കാൻ തയ്യാറായില്ല. എന്നിട്ടും എല്ലാ വേദിയും ജനപങ്കാളിത്തത്താൽ നിറഞ്ഞുകവിഞ്ഞു.
നാട് കാലത്തിനനുസരിച്ച് മുന്നോട്ട് പോകണം. തടസങ്ങൾ ഒഴിവാക്കണം. കേന്ദ്ര സർക്കാർ തടസം നിൽക്കുന്നു. ഈ തടസങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചത്. കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.ബി.രാജേഷ് ഒഴികെ എല്ലാ മന്ത്രിമാരും പങ്കെടുത്തു. അന്തരിച്ച മുൻ പാർട്ടി സഖാവ് കാട്ടായിക്കോണം അരവിന്ദന്റെ പേരക്കുട്ടിയും ആക്കുളം നിഷിലെ കുട്ടികളും വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഛായചിത്രങ്ങൾ കുട്ടികൾ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.