
തിരുവനന്തപുരം : നവകേരള യാത്ര കടന്നു പോകുന്ന വഴികളിലെ പ്രതിഷേധത്തിന് പുറമേ സെക്രട്ടേറിയറ്റിനകത്തേക്കും കരിങ്കൊടിയുമായി പ്രതിഷേധം. ആർ.വൈ.എഫ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടാനെത്തിയത്.
സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. അഡ്വ. വിഷ്ണുമോഹൻ, യു. അനന്തകൃഷ്ണൻ, സുനിൽ മഞ്ഞമല, തൃദീപ്കുമാർ, അഡ്വ.ബോബി, സിയാദ് കോഴിവിള എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഇന്നലെ വൈകിട്ട് നാലോടെ മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിൽ പരാതി നൽകാനെന്ന പേരിൽ പാസെടുത്താണ് കയറിയത്.
മുദ്രാവാക്യം വിളിച്ചെത്തിയവരെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിന്റെ വരാന്തയിൽവച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. എൻ.കെ.പ്രേമചന്ദ്രൻ എം. പി ഇവരെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി സന്ദർശിച്ചു.