
തിരുവനന്തപുരം: നവകേരളസദസ് അവസാന നാളുകളിൽ പരിപാടിയുടെ ലക്ഷ്യത്തിൽ നിന്നു സർക്കാരിനെ മാറ്റാൻ നടത്തുന്നത് ഹീനമായ ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളസദസിന്റെ സമാപന സമ്മേളനം വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ പത്രസമ്മേളനത്തിൽ തന്നോട് ഒരു മാദ്ധ്യമപ്രതിനിധി ചോദ്യമുന്നയിച്ചു. കഴക്കൂട്ടത്ത് നിന്ന് വട്ടിയൂർക്കാവിലേക്ക് പോകാനാവാത്ത സ്ഥിതി ചിലരുണ്ടാക്കുമെന്നായിരുന്നു അത്. അതെല്ലാം വീമ്പ് പറച്ചിലായി മാത്രമേ കാണുന്നുള്ളൂ. പോകാൻ തീരുമാനിച്ചിടത്തൊക്കെ പോയിട്ടുണ്ട്. ഇനിയും പോകും. ജനങ്ങളാകെ നവകേരളസദസിന്റെ ഭാഗമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരണത്തിൽ തകർന്ന നാടിനെയാണ് ഉയർത്തിക്കൊണ്ട് വന്നത്. പ്രതിസന്ധികളിൽ സഹായിക്കേണ്ടവർ കൂടുതൽ ഉപദ്രവിച്ചു. സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം ജനങ്ങൾ നിന്നാൽ നാട് ഏത് പ്രതിസന്ധിയെയും അതിജീവിക്കും. അസാദ്ധ്യമെന്ന് ചിന്തിക്കുന്ന കാര്യം വിജയിപ്പിക്കാൻ കഴിവുള്ള ജനതയാണ് ഇവിടെയുള്ളത്. സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്രത്തെ വിമർശിക്കാൻ തയ്യാറാകാത്ത യു.ഡി.എഫ് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി അതുവഴി കേന്ദ്രത്തെ അനുകൂലിച്ചു. വികസന പദ്ധതികൾ അട്ടിമറിക്കാനാണ് കോൺഗ്രസിനും യ.ഡി.എഫിനും താൽപര്യം.
വട്ടിയൂർക്കാവ് , തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത സദസിൽ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിസഭാംഗങ്ങൾക്ക് പുറമേ എം.പിമാരായ ബിനോയ് വിശ്വം, എ. എ റഹീം എം.എൽ.എമാരായ വി.കെ പ്രശാന്ത്, വി.ജോയി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാകളക്ടർ ജെറോമിക്ക് ജോർജ്ജ് എന്നിവർ വേദിയിലും കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ എന്നിവർ സദസിലും സന്നിഹിതരായിരുന്നു.