പോത്തൻകോട് : 36 ദിവസം ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ച മന്ത്രിസഭ ഒന്നാകെ കഴക്കൂട്ടത്ത് എത്തിയപ്പോൾ വരവേറ്റ് ജനസാഗരം.സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള സ്ത്രീകളും പ്രായമായവും ഉൾപ്പെടെ വലിയൊരു ജനസമൂഹമാണ് നാടിന്റെ സ്‌പന്ദനമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൾ കാത്തുനിന്നത്. ഐ.ടി നഗരമായ കഴക്കൂട്ടത്ത് യുവജനങ്ങളുടെ നിരയും സർക്കാരിന്റെ വാക്കുകൾക്ക് കാതോർക്കാനെത്തി. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിന് ഒന്നരമണിക്കൂർ മുൻപ് മന്ത്രിമാരായ വി.എൻ.ബാലഗോപാൽ,ആന്റണി രാജു, വീണാജോർജ്ജ്, റോസി അഗസ്റ്റിൻ,പി.രാജീവ്,കെ.രാജൻ എന്നിവർ വേദിയിലെത്തി ജനങ്ങളോട് സംസാരിച്ചു.വൈകിട്ട് 6 .30 ഓടെ ആർപ്പുവിളികൾക്കിടയിലൂടെ കേരളീയർക്കിടയിൽ നവകേരള സദസിന്റെ പ്രതീകമായി മാറിയ മുഖ്യമന്ത്രിയും മന്ത്രിമാരും കയറിയ ബസ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെ മുന്നിൽ സജ്ജമാക്കിയ വേദിക്കരികിലേക്ക് പതിയെ എത്തി. കാത്തിരുന്ന ജനസഞ്ചയം ഒന്നടങ്കം എഴുന്നേറ്റ് കൈയടികളോടെ മന്ത്രിസഭയെ തങ്ങൾക്കിടയിലേക്ക് വരവേറ്റു.വിവിധ വാദ്ധ്യോപകരണങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക് ഒപ്പും ആവേശം ഇരിട്ടയാക്കി ജയിലർ സിനിമയിലെ തീം സോഗും മുഴങ്ങി. വേദിയിലെത്തിയ മുഖ്യമന്ത്രി സദസിനെ കൈ ഉയർത്തി അഭിവാദ്യം ചെയ്തു.തുടർന്ന് നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ വിവേചനവും നവകേരള സദസിനെ ബഹിഷ്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാടും ജനങ്ങളോട് തുറന്നു പറഞ്ഞു.

കഴക്കൂട്ടം മണ്ഡലത്തിന്റെ എല്ലാമേഖലയിലുള്ളവരെയും ഉൾക്കൊള്ളുന്നതായിരുന്നു ഗ്രീൻഫീൽഡിലെത്തിയ സദസ്.മെഡിക്കൽ കോളേജ്, കേരളം സർവകലാശാല, സാങ്കേതിക സർവകലാശാല, ടെക്നോപാർക്ക്, ടെക്നോസിറ്റി, സർക്കാർ-എയിഡഡ് ,അൺ എയിഡഡ് സ്കൂളുകൾ തുടങ്ങി നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും മേധാവികൾ, ജീവനക്കാർ, ഐ.ടി കമ്പനി മേധാവികൾ,ടെക്കികൾ, വിദ്യാർത്ഥികൾ എന്നിവരെകൂടാതെ സ്ത്രീകളും കുട്ടികളും, മുതിർന്ന പൗരന്മാരും, ഭിന്നശേഷിക്കാർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള പതിനായിരങ്ങളാണ് സാക്ഷ്യം വഹിച്ചത്.