navakerala

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റംവരെ സംസ്ഥാന മന്ത്രിസഭ നടത്തിയ നവകേരള സദസിന് വട്ടിയൂർക്കാവിൽ ഇന്നലെ ആവേശ്വജ്ജ്വല സമാപനം.

നവംബർ 18ന് മഞ്ചേശ്വരത്ത് നിന്നുതുടങ്ങിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര സമാപനവേദിയായ വട്ടിയൂർക്കാവിലെത്തിയത് രാത്രി 7.20ന്. ആയിരങ്ങളെ ആവേശം കൊള്ളിച്ച് ചെണ്ടമേളത്തിന്റെയും തെയ്യം അടക്കമുള്ള കലാരൂപങ്ങളുടെയും അകമ്പടിയോടെ നവകേരള ബസ് എത്തി. ബസിലിരുന്ന് മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തതോടെ ജനം ഇളകിമറിഞ്ഞു. അഭിവാദ്യങ്ങൾ,​ അഭിവാദ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് ആയിരമായിരം അഭിവാദ്യങ്ങൾ എന്ന മുദ്രാവാക്യം മുഴങ്ങി.

അയ്യായിരത്തോളം പേരാണ് സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. വൈകിട്ട് 6ന് തന്നെ ചടങ്ങുകൾ ആരംഭിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ,​ പി.രാജീവ്,​ എം.ബി.രാജേഷ്, റോഷി അഗസ്റ്റിൻ,​ വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവരും വേദിയിലുണ്ടായിരുന്നു. റോഷി അഗസ്റ്റിനാണ് ആദ്യം സംസാരിച്ചത്. പിന്നാലെ മന്ത്രി പി.രാജീവ്,​ കെ.രാജൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ഭരണത്തിൽ നാട് കൈവരിച്ച നേട്ടങ്ങളും

ഇനിയുള്ള ലക്ഷ്യവും മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കു മുന്നിൽ നിരത്തി. വികസനപാതയിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ച് വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക കടന്നാക്രമണങ്ങൾ കാരണം കേരളത്തിനുണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും സമാപന യോഗത്തിൽ വിശദീകരിച്ചു.

 മന്ത്രിസഭയ്ക്ക് സമ്മാനം

നവകേരള ശില്പം

നവകേരളസദസിന്റെ സമാപന ചടങ്ങിന് ശേഷം നവകേരള ശില്പം മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങി. ഉണ്ണി കാനായിയാണ് ശില്പം തയ്യാറാക്കിയത്. വൈബ് മീഡിയ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ ഛായാചിത്രം മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സായിഗ്രാമം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ഗുരു ഗോപിനാഥ് ഗ്രാമത്തിന്റെ സപര്യ പുരസ്‌‌കാരം മുഖ്യമന്ത്രിയിൽ നിന്ന് പ്രശസ്ത നർത്തകി ചിത്രാ മോഹൻ ഏറ്റുവാങ്ങി. ലൈഫ് ഭവന പദ്ധതിയിൽ ജലജ ടീച്ചർ സംഭാവനയായി നൽകിയ 4 ലക്ഷം രൂപ അതിദാരിദ്ര പട്ടികയിൽപ്പെട്ട ഗുണഭോക്താവിന് അദ്ദേഹം കൈമാറി.