
തിരുവനന്തപുരം: അഞ്ചുവയസിൽ സൂപ്പർ ബൈക്കുകളുടെ റേസിംഗ് ടി.വിയിൽ കാണുമ്പോൾ സ്വന്തമായൊരു വാഹനം നിർമ്മിക്കണമെന്നായിരുന്നു പുല്ലുകാട് സ്വദേശി അരുണിന്റെ ആഗ്രഹം. എന്നാൽ വലിയ കമ്പനികളുടെ മെഷീനുകളുടെ സഹായത്തോടെ മാത്രമേ അത് സാദ്ധ്യമാകൂ എന്നുപറഞ്ഞ് ചിലർ കളിയാക്കി. പത്താംക്ലാസിൽ ജനറൽ എൻജിനിയറിംഗ് എന്ന വിഷയത്തിൽ വാഹനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കവേ പഴയ സ്വപ്‌നം തലപൊക്കി. ഇപ്പോൾ കുറഞ്ഞ ചെലവിൽ കുട്ടികൾക്ക് ഓടിക്കാനാകുന്ന മോട്ടോർ ബൈക്ക് നിർമ്മിച്ചിരിക്കുകയാണ് ശ്രീകാര്യം ടെക്‌നിക്കൽ ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഈ 16കാരൻ.
ആക്രിക്കടയിൽ നിന്നാണ് വാഹനത്തിനാവശ്യമായ പകുതിയിലേറെ ഭാഗങ്ങളും ശേഖരിച്ചത്. ബൈക്കിൽ നിന്ന് ബോഡി,ഷോക്ക് അബ്സോർബർ, തുരുമ്പെടുത്ത സൈക്കിളിലിൽ നിന്ന് ഹാൻഡിൽ,വീട്ടിലെ പഴയ ടി.വി.എസ് സ്‌കൂട്ടറിന്റെ എൻജിൻ,കുഷൻ,ബാറ്ററി എന്നിവ ഒപ്പിക്കാൻ ചെലവായത് 7000 രൂപയാണ്. രാവിലെയും സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷവും ആക്രിസാധനങ്ങളുമായി പോകുന്ന അരുണിനെക്കണ്ട് ചിലർ 'ഇതൊക്കെ ഓടുമോ' എന്ന് കളിയാക്കി. എന്നിട്ടും അരുൺ തളർന്നില്ല. പരിചയമുള്ള ചേട്ടന്റെ വർക്ക്ഷോപ്പിലായിരുന്നു വെൽഡിംഗ്. സുഹൃത്തായ ഒമ്പതാം ക്ലാസുകാരൻ അഭിജിത്ത് സഹായിച്ചു.
സാധാരണ ബൈക്കുപോലെ കീ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാം. ബാറ്ററി ഇല്ലെങ്കിൽ കിക്കർ സ്റ്റാർട്ടും ചെയ്യാം. ഗിയറില്ല, 40 കിലോ വരെയുള്ള ഒരാൾക്ക് ഇരിക്കാം. 50 രൂപയ്‌ക്ക് പെട്രോളടിച്ചാൽ ആറുകിലോമീറ്റർ ഓടുമെന്ന് അരുൺ പറയുന്നു. ഇലക്ട്രോണിക്‌സ് അദ്ധ്യാപകനായ സനലും അരുണിനെ പിന്തുണച്ചു. അച്ഛൻ മുരളീധരൻ (ഡ്രൈവർ),അമ്മ രഞ്ജിനി (പ്ലേസ്‌കൂളിലെ സ്റ്റാഫ്).
സ്വപ്‌നം ഹൈഡ്രജൻ കാർ
വിദേശത്ത് കുട്ടികൾക്ക് ബൈക്കുകൾ ഓടിക്കാൻ മാത്രം സ്വകാര്യ ഇടങ്ങളുണ്ട്. ഇവിടെ അത്തരത്തിൽ സൗകര്യമില്ലാത്തതിനാൽ വീട്ടിലും സ്‌കൂളിലുമായാണ് ഓടിക്കുന്നത്. ഭാവിയിൽ മെക്കാനിക്കൽ എൻജിനിയറായി ഹൈഡ്രജനിലോടുന്ന കാർ നിർമ്മിക്കാനാണ് മോഹം.