chendamalam

മലയിൻകീഴ് : ശബരിമല സന്നിധാനത്ത് അയ്യപ്പന് പൊലീസ് ഒരുക്കുന്ന കർപ്പൂരാഴി ചെണ്ടമേളത്തിൽ വിസ്മയം തീർത്ത് ഇക്കുറിയും വിളപ്പിൽശാല അലൈറ്റി കാവുനട ആശാൻ കുമാറും സംഘവും.ഏഴ് വർഷമായി മേളക്കാഴ്ച അർപ്പിക്കുന്നത് ആശാൻ കുമാറിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ്.പൊലീസ് ഉദ്യോഗസ്ഥർ എല്ലാ വർഷവും നേർച്ചയായി സമർപ്പിക്കുന്നതാണ് കർപ്പൂരാഴി. കലാകാരന്മാർ കഴിഞ്ഞ ദിവസമാണ് മേളക്കാണിക്ക അർപ്പിച്ചത്.വൈകുന്നേരം 6.45 ന് സന്നിധാനത്ത് ദീപാരാധനയ്ക്ക് ശേഷമായിരുന്നു കർപ്പൂരാഴി. മന്ത്രസാന്ദ്രമായ അന്തരീക്ഷത്തിൽ കുമാറും സംഘവും അയ്യപ്പന് മേളം സമർപ്പിച്ചു.ശ്രീകോവിലിനെ വലം വച്ച് മാളികപ്പുറവും വാവർ നടയിലും കൊട്ടിപ്പാടി പതിനെട്ടാം പടിയിലാണ് മേളം അവസാനിപ്പിച്ചത്.വിളപ്പിൽശാലയിലും പരിസര പ്രദേശങ്ങളിലുമുള്ള കുരുന്നുകൾക്ക് സൗജന്യ വാദ്യ പരിശീലനവും ആശാൻ കുമാറിന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. ഇവരിൽ നിന്ന് ഒരു കന്നി അയ്യപ്പനെ സംഘത്തോടൊപ്പം ചെണ്ട മേളത്തിന് സന്നിധാനത്ത് കൊണ്ടുപോകാറുണ്ട്. അയ്യപ്പന് മുന്നിൽ ഇലത്താളമിട്ട് കന്നി അയ്യപ്പൻ മേളത്തുടക്കം കുറിക്കും. വാദ്യാർച്ചനയും നടത്തി മലയിറങ്ങുമ്പോൾ അടുത്ത മണ്ഡല കാലത്തും ഇരുമുടിക്കെട്ടും ചെണ്ടയുമായി പടികയറാൻ സാധിക്കണേ ശബരീശാ എന്ന പ്രാർത്ഥനയാണ് മനസ്സുനിറയെ...