
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ സംരക്ഷണ ഭിത്തി ചെരിഞ്ഞതിനെത്തുടർന്ന് എട്ടടിയോളം ആഴത്തിൽ ഇടിഞ്ഞുതാഴ്ന്ന് കണ്ണമൂല-കാക്കോട് റോഡ്. ഇന്നലെ പുലർച്ചെ 12മണിയോടെയാണ് റോഡിലെ അനന്തപുരി ലെയിൻ എന്ന ഭാഗം 150 മീറ്ററോളം നീളത്തിൽ തകർന്നത്.റോഡ് ഇടിഞ്ഞതോടെ മൂന്ന് വൈദ്യുത പോസ്റ്റുകളും ചെരിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതിബന്ധം മുടങ്ങി. പിന്നീട് ഉച്ചയ്ക്ക് 12.30ഒാടെയാണ് വൈദ്യുതിബന്ധം താത്കാലികമായി പുനസ്ഥാപിച്ചത്.തോടിന്റെ പരിപാലനച്ചുമതലയുള്ള മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തോടിന് കോൺക്രീറ്റ് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു.എന്നാൽ തോടിലെ ചെളി പൂർണമായി നീക്കംചെയ്യാതെയാണ് ഭിത്തി നിർമ്മിച്ചത്. നിലവിൽ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ സംരക്ഷണ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിരുന്നു. ഇതെത്തുടർന്ന് അപ്രതീക്ഷിതമായി സംരക്ഷണ ഭിത്തി ചെരിഞ്ഞതോടെ റോഡ് ഇടിയുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു.ചെളി നീക്കുന്ന പ്രവൃത്തികൾ തുടരുന്നതിനാൽ തോടിന്റെ മറുവശത്തുള്ള റോഡും സമാനമായ രീതിയിൽ ഇടിയാൻ സാദ്ധ്യതയുണ്ട്.അതേസമയം അശാസ്ത്രീയമായാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചതെന്ന് പരാതിയുണ്ട്.
നാട്ടുകാരുടെ ആവശ്യത്തോട്
നിസഹകരിച്ച് നഗരസഭ
കണ്ണമൂലയിൽനിന്ന് ആമയിഴഞ്ചാൻ തോടിന്റെ ഇടതുവശത്തുകൂടി കാക്കോട് വരെ പോകുന്ന ഒരു കിലോമീറ്ററോളം നീളമുള്ള ഇൗ റോഡ് കടകംപള്ളി വാർഡിലാണ് ഉൾപ്പെടുന്നത്. ടിപ്പർ ലോറികൾ ഉൾപ്പെടെ പോകുന്ന ഇൗ റോഡ് കഴിഞ്ഞ രണ്ടുവർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. എന്നാൽ അറ്റകുറ്റപ്പണികൾ നടത്താൻ കോർപ്പറേഷൻ അധികൃതർ തയ്യാറായിട്ടില്ല.നാട്ടുകാർ ഈ വിഷയം പലതവണ നഗരസഭാധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമില്ല. ആനയറ -പേട്ട റോഡിൽ മാർഗ തടസമുണ്ടായാൽ കണ്ണമ്മൂലയിലെത്താൻ ബദൽപ്പാതയായി ഉപയോഗിക്കാവുന്നതാണ് ഈ റോഡ്.
'തോടിന്റെ ചെരിഞ്ഞ സംരക്ഷണ ഭിത്തി പൂർവസ്ഥിതിയിലാക്കിയശേഷം റോഡിന്റെ അറ്റകുറ്റപ്പണി നടത്തും. എത്രയും വേഗം സംരക്ഷണ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്താൻ മേജർ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'
(പി.കെ.ഗോപകുമാർ,കടകംപള്ളി വാർഡ് കൗൺസിലർ)