
ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജി നൽകി
തിരുവനന്തപുരം: കേരള കോൺഗ്രസ്- ബി നേതാവ് കെ.ബി. ഗണേശ്കുമാറും കോൺഗ്രസ്- എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിയും 29ന് വൈകിട്ട് നാലിനു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ ഒരുക്കുന്ന പ്രത്യേക പന്തലിലാവും ചടങ്ങ്. ഗണേശും കടന്നപ്പള്ളിയും ഉൾപ്പെട്ട എൽ.ഡി.എഫ് യോഗത്തിലാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച തീരുമാനമെടുത്തത്.
മന്ത്രിമാരുടെ വകുപ്പുമാറ്റം മുന്നണി യോഗത്തിൽ ചർച്ചയായില്ലെന്ന് എൽ.ഡി.എഫ് യോഗത്തിനു ശേഷം കൺവീനർ ഇ.പി. ജയരാജൻ വാർത്താലേഖകരോട് പറഞ്ഞു. വകുപ്പുമാറ്റം മുഖ്യമന്ത്രിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. ജെ.ഡി.എസ് പിളർപ്പുമായി ബന്ധപ്പെട്ട് സി.കെ. നാണു വിഭാഗം നൽകിയ കത്ത് അടുത്ത യോഗത്തിൽ പരിഗണിക്കും. ഒരു പാർട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളിൽ എൽ.ഡി.എഫ് നേതൃത്വം ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പു കൈകാര്യം ചെയ്തിരുന്ന ആന്റണി രാജുവും തുറമുഖ- പുരാവസ്തു മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രി പിണറായി വിജയന് രാജി നൽകി. എൽ.ഡി.എഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി. ഇവർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാകും പുതിയ മന്ത്രിമാർക്ക് കൈമാറുക എന്നാണ് സൂചന.
ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് അഹമ്മദ് ദേവർ കോവിൽ രാജി നൽകിയത്. രാവിലെ എൽ.ഡി.എഫ് യോഗം ചേരുന്നതിനു തൊട്ടു മുൻപ് കുടുംബത്തോടൊപ്പമെത്തി ആന്റണി രാജുവും മുഖ്യമന്ത്രിക്കു രാജി കൈമാറി.