antony-raju

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും പെടേണ്ട സാഹചര്യമെല്ലാം ഒഴിവാക്കിയാണ് ആന്റണി രാജു രണ്ടര വർഷം ഗതാഗത മന്ത്രി സ്ഥാനം വഹിച്ചത്.

ഈ മന്ത്രിസഭയുടെ കാലത്തെ ഏറ്റവും വലിയ അഴിമതി എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ച എ.ഐ കാമറ കരാറിൽ തനിക്കു നേരെ ആരോപണമുന എത്താതിരിക്കാൻ ആന്റണിരാജു ശ്രദ്ധിച്ചിരുന്നു.

പൊതുഗതാഗത രംഗത്ത് ഹരിത ഇന്ധനം വ്യാപകമാക്കുന്നതിന് ആന്റണി രാജുവിന്റെ ഇടപടലുകൾ ഫലം കണ്ടു. 113 ഇലക്ട്രിക് ബസുകൾ തലസ്ഥാന നഗരത്തിൽ എത്തി. കൊവിഡ് കാലത്തെ നഷ്ടം കണക്കിലെടുത്ത് വാഹന നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനുള്ള ശ്രമങ്ങൾ പക്ഷേ, പൂർണമായി വിജയിച്ചില്ല. ധനവകുപ്പിന്റെ നിസഹകരണം കാരണം ശമ്പളവും പെൻഷനും വൈകിയപ്പോഴൊക്കെ ഇടത് തൊഴിലാളി സംഘടനാ നേതാക്കളുടെ പഴി കേട്ടത് ആന്റണി രാജുവായിരുന്നു. ഈയിടെ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിച്ചപ്പോൾ പിന്തിരിപ്പിച്ചതും അദ്ദേഹമായിരുന്നു.

രണ്ടര വർഷത്തിനു പകരം അഞ്ചു വർഷവും മന്ത്രിസ്ഥാനത്ത് തുടരാൻ ലത്തീൻ സഭയുടെ സഹായം തേടിയെന്ന മോൺ. യൂജിൻ പെരേരയുടെ വാദം ആന്റണി രാജു കൈയോടെ നിഷേധിച്ചു. താൻ ലത്തീൻ സഭയുടെ മാത്രം മന്ത്രിയല്ലെന്ന ആന്റണി രാജുവിന്റെ പ്രതികരണം സഭയെ പ്രകോപിപ്പിച്ചിരുന്നു.

മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് താൻ സമീപിച്ചെങ്കിൽ മോൺ.യൂജിൻ പെരേര അത് തെളിയിക്കട്ടെയെന്നായിരുന്നു ആന്റണിരാജുവിന്റെ വെല്ലുവിളി.

''സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക ഇല്ലാതെ ഇറങ്ങുന്നതിൽ സന്തോഷം. കോർപ്പറേഷനെ മെച്ചപ്പെട്ട നിലയിൽ എത്തിക്കാൻ ശ്രമിച്ചു. വിമർശനങ്ങൾ ഞാനിരുന്ന കസേരയോട് ആയിരുന്നു. ഒന്നും വ്യക്തിപരമായി എടുക്കുന്നില്ല''

- ആന്റണി രാജു