
തിരുവനന്തപുരം: നവകേരള സദസ് ചരിത്ര വിജയമായെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും ഇത് മാതൃകയായി സ്വീകരിക്കുന്നു. സർക്കാരിനെതിരെ സമരം നടത്തുന്നത് എന്തിനാണെന്ന് കോൺഗ്രസ് ആലോചിക്കണം. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനോട് വ്യക്തിപരമായി ശത്രുതയില്ല. കോൺഗ്രസും ബി.ജെ.പിയും പരസ്പരം ആലോചിച്ചാണ് സമരം നടത്തുന്നത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ കോൺഗ്രസ് പ്രതികരിക്കുന്നില്ല. സർവകലാശാല സെനറ്റുകളിലെ നിയമനത്തിലും കോൺഗ്രസ്- ബി.ജെ.പി നീക്കുപോക്കുണ്ട്.
മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുമ്പോൾ പിശക് പറ്റാതിരിക്കാൻ 101% സർക്കാർ സൂക്ഷ്മത പുലർത്തും. വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ ഒരു മാദ്ധ്യമ പ്രവർത്തകനെതിരെയും കേസെടുത്തിട്ടില്ലെന്ന് നവകേരളയാത്രയ്ക്കിടെ ഷൂസ് എറിഞ്ഞ വാർത്ത റിപ്പോർട്ടു ചെയ്ത മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസ് എടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. ഷൂസ് എറിഞ്ഞയാളുമായി ഫോണിൽ സംസാരിച്ചതെങ്ങനെ ഗൂഢാലോചനയാകുമെന്ന ചോദ്യത്തിന്, അതുമാത്രമല്ല മറ്റു തെളിവുകളുമുണ്ടെന്നും വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും പറഞ്ഞു. തെറ്റുപറ്റിയെങ്കിൽ അത് സമ്മതിക്കും.
മാദ്ധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം നിഷേധിക്കില്ല. ഡി.ജി.പിയുടെ വീട്ടിലേക്ക് നടന്ന മഹിളാമോർച്ച പ്രതിഷേധത്തിനിടയിൽ മാദ്ധ്യമ പ്രവർത്തകർ സമ്മർദ്ദം ചെലുത്തിയാണ് ഗേറ്റ് തുറപ്പിച്ചത്. അതിനൊപ്പം പ്രതിഷേധക്കാരും ഉള്ളിൽ കയറുകയായിരുന്നു.
മാദ്ധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് തെളിവില്ലെന്നു പറഞ്ഞ് കോടതി തള്ളിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പഠിച്ചിട്ടേ പറയാനാവൂ എന്നും വ്യക്തമാക്കി.