p


തിരുവനന്തപുരം : ഒരു ഘട്ടത്തിലും പ്രകോപിതനാകാതെ സംയമനത്തോടെ ആശയങ്ങൾ അവതരിപ്പിക്കുന്ന കാനം രാജേന്ദ്രനെയാണ് എല്ലായിടത്തും കണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടന്ന കാനം രാജേന്ദ്രൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വാക്കുകളായിരുന്നു കാനത്തിന്റേത്. ഇടതുപക്ഷ വിരോധമുള്ളവർ അസ്വാരസ്യമുള്ള ചോദ്യം ചോദിച്ചു സമീപിക്കുമ്പോൾ അദ്ദേഹം നൽകിയ മറുപടിയും വിശദീകരണവുമെല്ലാം പലപ്പോഴും ഇടതുപക്ഷത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്നതായിരുന്നു. നല്ല തഴക്കവും പഴക്കവുമുള്ള രാഷ്ട്രീയ നേതാവായി അദ്ദേഹം പ്രവർത്തിച്ചു. തന്റെ പാർട്ടിക്കു ശരിയായ നേതൃത്വം കൊടുക്കുമ്പോൾത്തന്നെ, ഇടതുപക്ഷ മുന്നണി രാജ്യത്തിനു മാതൃകയായി നിൽക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

പാട്ടിനെയും സാഹിത്യത്തേയും സിനിമയേയും പ്രണയിച്ച നേതാവായിരുന്നു കാനമെന്ന്

അദ്ധ്യക്ഷത വഹിച്ച സി.പി.ഐ സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു.

സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി. പി. സുനീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി അമർജിത് കൗർ,മാങ്കോട് രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, എം.വി.ഗോവിന്ദൻ, ഒ.രാജഗോപാൽ, പി.സി.ചാക്കോ, ഇ.പി.ജയരാജൻ, സ്റ്റീഫൻ ജോർജ്, ശ്രീകുമാരൻ തമ്പി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഗുരുരത്നം ജ്ഞാന തപസ്വി, വി.പി. സുഹൈബ് മൗലവി, വർഗീസ് ജോർജ്, തമ്പാനൂർ രാജീവ് എന്നിവരും സംസാരിച്ചു.