1

ശ്രീകാര്യം: ഡ്രെയിനേജിനായി കുഴിയെടുക്കുന്നതിടെയുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട രണ്ട് താെഴിലാളികളെയും മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണമാണ് രണ്ടുപേരെയും രക്ഷിക്കാനായത്.

അയിരൂപ്പാറ സ്വദേശി വിനയനെയും (38), ബീഹാർ സ്വദേശിയായ ദീപക്കിനെയും (29) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ പത്തോടെ മടത്തുനട ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ആക്കുളം സ്വീവേജ് പൈപ്പ് ലൈനിനെടുത്ത 12അടിയോളം ആഴവും 1.5മീറ്റർ വീതിയുമുള്ള കുഴിയിൽ ഇറങ്ങി ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഉറ ഇറക്കുന്നതിനായി മണ്ണ് നീക്കുന്ന സമയത്താണ് മണ്ണിടിച്ചിലുണ്ടായത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും ഒരാൾ ഭാഗികമായും മറ്റൊരാൾ മുഴുവനായും മണ്ണിനടിയിലായിരുന്നു. ഉടൻ ഓക്‌‌സിജൻ സിലിണ്ടറിലെത്തിച്ച് കുഴിയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തി. തുടർന്ന് മേൽഭാഗത്തെ മണ്ണ് നീക്കി ആദ്യം ഭാഗികമായി മണ്ണിനടിയിൽപ്പെട്ട വിനയനെ രക്ഷിച്ചു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ നാല് മണിക്കൂർ നീണ്ട ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ദീപക്കിനെ പുറത്തെത്തിച്ചത്. യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് മാറ്റുന്നത് പ്രയോഗികമല്ലാത്തതും പ്രദേശത്ത് വയൽ മണ്ണ് ആയതിനാൽ കളിമണ്ണിന്റെയും ചെളിയുടെയും നീരൊഴുക്കിന്റെയും സാന്നിദ്ധ്യവും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
പലകകളും പൈപ്പുകളും കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പ് പ്ലേറ്റുകളും ഉപയോഗിച്ച് ഫയർഫോഴ്സ് ആദ്യം മണ്ണിടിച്ചിൽ തടഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ സാവധാനം മണ്ണ് നീക്കി. കുഴിക്ക് സമീപത്തെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് മാറ്രാൻ ശ്രമിച്ചെങ്കിലും നീരൊഴുക്ക് കൂടിയതോടെ അതും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഏറ്റെടുത്തു. ആദ്യം ദീപക്കിന്റെ രണ്ടു കൈകളാണ് പുറത്തുകണ്ടത്. ഒടുവിൽ മണ്ണ് പൂർണമായും നീക്കി ഉച്ചയ‌്ക്ക് രണ്ടോടെയാണ് ദീപക്കിനെ പുറത്തെത്തിച്ചത്.

ചെങ്കൽച്ചൂള ഫയർസ്റ്റേഷനിലെ അനീഷ്‌കുമാർ,ഷാജിഖാൻ,അജിത് കുമാർ,അനിൽകുമാർ,മഹേഷ്‌കുമാർ, വിഷ്ണുനാരായണൻ, അനു,സജിത്ത്, പ്രദോഷ്, വിജിൻ,ശിവകുമാർ,സതീശൻ നായർ എന്നിവരും ചാക്ക യൂണിറ്റിലെ രതീഷ്‌മോഹൻ,മനോജ്,ഹാപ്പിമോൻ,കഴക്കൂട്ടം യൂണിറ്റിലെ ഗോപകുമാർ, നിസാർ,അരുൺ,അനുരാജ്,ജിതിൻ,സന്തോഷ്,അനിൽകുമാർ,വിപിൻ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.