പോത്തൻകോട്: കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് നടന്ന നവകേരള സദസിൽ പങ്കെടുക്കാത്ത വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്കേർപ്പെടുത്തി സി.ഐ.ടി.യു യൂണിയൻ. കാട്ടായിക്കോണത്താണ് സംഭവം. മങ്ങാട്ടുകോണം സ്വദേശിയായ രജനിക്കാണ് കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡിൽ വിലക്ക് ഏർപ്പെടുത്തിയത്.
നവ കേരള സദസിൽ പങ്കെടുക്കാത്തതിനാൽ കാട്ടായിക്കോണം സ്റ്റാൻഡിൽ ഓട്ടോ ഓടാൻ അനുവദിക്കില്ലെന്നാണ് സി.ഐ.ടി.യു പ്രവർത്തകർ പറഞ്ഞതെന്ന് രജനി വ്യക്തമാക്കി.
ഇന്നലെ രാവിലെ പതിവുപോലെ സ്റ്റാൻഡിലെത്തിയപ്പോൾ സി.ഐ.ടി.യു കൺവീനർ ഉൾപ്പെടെയുള്ളവർ തടയുകയായിരുന്നു. വർഷങ്ങളായി പാർട്ടി മെമ്പറും സി.ഐ.ടി.യു അംഗവുമായ രജനിക്ക് അസുഖമായതിനാൽ നവകേരള സദസിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ എട്ടുവർഷമായി കാട്ടായിക്കോണം സ്റ്റാൻഡിലാണ് രജനി ഓട്ടോ ഓടിക്കുന്നത്. പരാതിയുമായി മുന്നോട്ടുപോയാൽ ചുമട്ടുതൊഴിലാളിയായ സഹോദരൻ രാജേഷിനെ നാളെ മുതൽ ജോലിയിൽ നിന്ന് വിലക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രജനി പറയുന്നു.
എന്നാൽ ആരോപണം ശരിയല്ലെന്നും ആരെയും ഇത്തരത്തിൽ വിലക്കിയതായി അറിയില്ലെന്നും ചില കേന്ദ്രങ്ങൾ മനപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും നഗരസഭ കൗൺസിലർ ഡി.രമേശൻ പറഞ്ഞു.