ahmed-devarkovil

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി നടത്തിയ പ്രവർത്തനങ്ങൾ നിരത്തി മന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങി അഹമ്മദ് ദേവർകോവിൽ. മന്ത്രിയായിരുന്ന രണ്ടരവർഷത്തിനകം വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.

പാറയുടെ ലഭ്യതക്കറുവും പ്രകൃതി ദുരന്തവും കൊവിഡ് മഹാമാരിയും സമരങ്ങളും മറ്റും അതിജീവിച്ചാണ് തുറമുഖത്ത് ആദ്യ കപ്പലെത്തിച്ചത്. നിശ്ചയിച്ചതിലും വേഗത്തിൽ തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

വിഴിഞ്ഞത്ത് ലോജിസ്റ്റിക് പാർക്ക് ആരംഭിക്കാൻ കരാർ കമ്പനിയുമായി ചർച്ച നടത്തി തീരുമാനമുണ്ടാക്കി. ഇതിൽ പ്രദേശത്തെ ആളുകൾക്ക് മുൻഗണന നൽകും. തുറമുഖത്ത് നിർമ്മിച്ച 50 കോടിയുടെ കെട്ടിടം കരാർ കമ്പനിക്ക് നൽകി തുറമുഖാധിഷ്ഠിത തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രമാക്കും.

തുറമുഖത്തിനുള്ള ആദ്യ ഗഡുവായി 450 കോടി രൂപ കരാർ കമ്പനിക്ക് നൽകാൻ സാധിച്ചു. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെയുള്ള റെയിൽവെ ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങൾ നീക്കി ഡി.പി.ആറിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയെടുത്തു. തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ വകുപ്പിനു കീഴിലെ മാരിടൈം ബോർഡ് വഴി കേരളം-യു.എ.ഇ യാത്രാക്കപ്പൽ ആരംഭിക്കുന്ന നടപടികൾക്കും തുടക്കമിട്ടു.