വർക്കല: ഭൗതികമായ സത്ത ഈ പ്രപഞ്ചത്തോളം വ്യാപിച്ചു നിൽക്കുകയാണെന്നും നമ്മുടെ സത്തയുടെ ഏറ്റവും സൂക്ഷ്മമായ അംശം മുതൽ ഈ വിശ്വത്തിന്റെ ഏറ്റവും ബൃഹത്തായ ആകാരം വരെ സകലതും ' പരവെളി തന്നിലുയർന്ന ഭാനുമാന്റെ തിരുശരീര"മാണെന്നുമാണ് നാരായണഗുരു ആത്മോപദേശശതകത്തിന്റെ രണ്ടാം ശ്ലോകത്തിൽ പറഞ്ഞു തരുന്നതെന്നും നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ്.

ഇവിടെ പറയുന്ന ഭാനുമാൻ അഥവാ സൂര്യൻ ഉദിച്ചുനിൽക്കുന്ന പരവെളി കേവലമായ അറിവ് തന്നെയാണ്. കേവലമായ അറിവിനെ ചിത്ത് എന്ന് വിളിക്കും. ചിദാകാശത്തിൽ ഉദിച്ചുനിൽക്കുന്ന സൂര്യനും അറിവ് തന്നെയാണ്. നമ്മുടെ ആന്തരിക സത്തമുതൽ വിസ്തൃതമായിരിക്കുന്ന സകലപ്രപഞ്ചവുമായി പ്രകാശിച്ചു നിൽക്കുന്നത് ഒരൊറ്റ സൂര്യനാണ്. അത് നിരന്തരമായ മനനത്തിലൂടെ സ്വയം വെളിപ്പെട്ടുകിട്ടേണ്ട രഹസ്യമാണെന്നും ഗുരു മുനിനാരായണപ്രസാദ് പറഞ്ഞു. നാരായണഗുരുകുല കൺവെൻഷനോടനുബന്ധിച്ച് രാവിലെ ഹോമത്തിനു ശേഷം പ്രവചനം നടത്തുകയായിരുന്നു അദ്ദേഹം.

തുടർന്ന് നാരായണ ഗുരുവിന്റെ തേവാരപ്പതികങ്കൾ എന്ന തമിഴ് കൃതിയെ അടിസ്ഥാനമാക്കി എസ്.രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. ഏകലോക സാമ്പത്തികദർശനവും സമാധാനവും എന്ന വിഷയത്തെ ആധാരമാക്കി നടന്ന സെമിനാറിൽ ഡോ.ആർ.സുഭാഷ്, ഡോ.ബി.സുധീർ, ഡോ.എസ്.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.പി.കെ.സാബു മോഡറേറ്ററായിരുന്നു. നടരാജഗുരുവിന്റെ ഏറ്റവും പ്രധാന കൃതിയായ An Integrated Science Of The Absalute ന്റെ മലയാള പരിഭാഷ ബ്രഹ്മവിദ്യ-സർവ്വവിദ്യാ പ്രതിഷ്ഠ ഭാഗം ആറ്, പരിഭാഷ നടത്തിയ ഗുരു മുനി നാരായണപ്രസാദ് ഗുരുകുല വിദ്യാർത്ഥി സുമനസിന് നൽകി പ്രകാശനം ചെയ്തു. വൈകിട്ട് ക്രിസ്മസ് ആഘോഷത്തിൽ സ്വാമി മന്ത്റചൈതന്യ സന്ദേശം നൽകി.