
മാന്നാർ: പരുമലയിൽ മത്സ്യ വ്യാപാരിയെ മർദ്ദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പരുമല കോട്ടക്കമാലി കോളനിയിൽ വാലു പറമ്പിൽ മാർട്ടിൻ ജോൺ (48)നെ പുളിക്കീഴ് പൊലിസ് പിടികൂടി. വെണ്മണി പുന്തല റിയാസ് ഭവനത്തിൽ മുഹമ്മദ് റാവുത്തറിനാണ് (മജീദ്-65) മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി പരുമല ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം.
പാലത്തിനു താഴെയുള്ള മത്സ്യ ലേലച്ചന്തയിൽ നിന്നും ആറ്റു മത്സ്യങ്ങൾ വാങ്ങി സൈക്കിളിൽ ചില്ലറ വില്പന നടത്തുന്നയാളാണ് മജീദ്. രാത്രി 8 മണിയോടെ പരുമല ആശുപത്രിക്ക് സമീപമുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുകയായിരുന്ന മജീദിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം പിടിച്ചു പറിക്കാൻ പ്രതി ശ്രമിക്കുകയും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മജീദ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പുളിക്കീഴ് സി.ഐ അജീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് രവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാർട്ടിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.