
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ ബന്ധുവായ പ്രതിക്ക് 77 വർഷവും 9 മാസവും കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും. ഇളക്കൊള്ളൂർ പ്രമാടം കളർനിൽക്കുന്നതിൽ വീട്ടിൽ സുനിലി(28)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ( പ്രിൻസിപ്പൽ പോക്‌സോ കോടതി ) ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ 3 വർഷവും 5 മാസവും 20 ദിവസവും കഠിനതടവ് അനുഭവിക്കണം. 2019 സെപ്റ്റംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി പലതവണ കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്‌പെക്ടർ എ.ആർ ലീലാമ്മയ്ക്കായിരുന്നു അന്വേഷണച്ചുമത. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജെയ്‌സൺ മാത്യൂസ് ഹാജരായി.