chinju

കൊച്ചി: വിദേശരാജ്യങ്ങളിലേക്ക് വർക്ക് വിസ വാഗ്ദാനംചെയ്ത് വ്യാജ റിക്രൂട്ടുമെന്റ് സ്ഥാപനം നടത്തിവന്നിരുന്ന ദമ്പതികൾ അറസ്റ്റിൽ. കലൂർ അശോക റോഡിലുള്ള ടാലെന്റിവിസ് എച്ച്.ആർ കൺസൾട്ടൻസി എന്ന പേരിൽ റിക്രൂട്ടുമെന്റ് സ്ഥാപനം നടത്തിവന്നിരുന്ന കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു എസ്. രാജ് (45), കൊടുങ്ങല്ലൂർ ശൃംഗപുരം വക്കേക്കാട്ടിൽ അനീഷ് (45) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: യു.കെ, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്ക് തങ്ങളുടെ കൈവശം വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് ഡിജിറ്റൽ മാർക്കറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർത്ഥികളിൽനിന്ന് 1.9 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്.

പ്രതികളുടെ ഉറപ്പിന്മേൽ ഉദ്യോഗാർത്ഥികളിൽനിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് ബിനിൽ കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. ഉദ്യോഗാർത്ഥികളിൽ നിന്ന് നേരിട്ട് പണംവാങ്ങാതെ ഏജന്റ് വഴി പണം തട്ടിയെടുത്ത പ്രതികൾ രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്‌.