
തൃശൂർ/ ചാലക്കുടി: പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത്, ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലൻ അറസ്റ്റിൽ. കൊലപാതക ശ്രമം, പൊതു മുതല്‍ നശിപ്പിക്കല്‍, ഗവ.ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നിവയാണ് നിധിനെതിരെ ചുമത്തിയ കുറ്റം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
അക്രമത്തിൽ ഉൾപ്പെട്ട അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ പ്രവർത്തക സാന്ദ്ര, വിൻഫിൻ, ഷെമിം, ഗ്യാനേഷ്, ജിയോ എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതിന് സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍, ഏരിയാ കമ്മറ്റിയംഗം ജില്‍ ആന്റണി എന്നിവരുടെ പേരിലും കേസെടുത്തു. ഇവരടക്കം 25 ഓളം പ്രവര്‍ത്തകരുടെ പേരിലാണ് രാത്രിയിലെ അക്രമസംഭവങ്ങളില്‍ കേസെടുത്തത്. ഒല്ലൂരിൽ നിന്ന് പിടിയിലായ നിധിന്, താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. വെള്ളിയാഴ്ച വൈകിട്ടോടെ ഐ.ടി.ഐ തിരഞ്ഞെടുപ്പിലെ വിജയാഹ്‌ളാദത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് വിരട്ടിയോടിക്കുന്നത് ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് സംഘർഷത്തിന് തുടക്കമിട്ടത്.
ഡിവെെ.എസ്.പിക്ക് നേരെയും അക്രമം
നിധിൻ പുല്ലനെ അറസ്റ്റ് ചെയ്യാനെത്തിയ ഡിവൈ.എസ്.പി. ടി.എസ്.സിനോജിന് നേരെയും വെള്ളിയാഴ്ച രാത്രി ഒമ്പതോടെ അക്രമശ്രമമുണ്ടായി. ഗവ. ഐ.ടി.ഐ പരിസരത്തെത്തിയ ഡിവൈ.എസ്.പിയും എസ്.എച്ച്.ഒയും അടങ്ങുന്ന സംഘത്തിന് നേരെയാണ് കൈയേറ്റത്തിന് മുതിർന്നത്. തുടർന്ന് പൊലീസ് ലാത്തി വീശി. വെള്ളിയാഴ്ച രാത്രി തന്നെ റൂറൽ എസ്.പി സ്ഥലത്തെത്തി പൊലീസിൽ നിന്ന് വിശദീകരണം തേടിയിരുന്നു.
ഹെൽമറ്റില്ലാത്തതിന് കേസ്, ജീപ്പ് തകർത്തു
ഹെൽമറ്റില്ലാത്തതിന് എസ്.എഫ്.ഐ പ്രവർത്തകരുടെ പേരിൽ പിഴയടപ്പിച്ചതിനാലാണ് നിധിന്റെ നേതൃത്വത്തിൽ പൊലീസ് ജീപ്പ് തകർത്തതെന്ന് പ്രചരണമുണ്ടായിരുന്നു. ജീപ്പിന് മുകളിൽ കയറി ചില്ല് അടിച്ചു തകർക്കുകയും ബോണറ്റിൽ കയറിയിരുന്ന് നിധിൻ പൊലീസുകാരെ പരസ്യമായി അസഭ്യം പറയുകയുമായിരുന്നു. അതോടൊപ്പം ഐ.ടി.ഐ വളപ്പിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതോടെ എസ്.എഫ്.ഐ പ്രവർത്തകരുടെ കൊടികൾ പൊലീസ് നീക്കം ചെയ്തിരുന്നു. ഇതും പ്രകോപനത്തിനിടയാക്കി. അതേസമയം ടൗൺചുറ്റി ആഹ്‌ളാദപ്രകടനം നടത്തുന്നതിനിടെ, എസ്.ഐ. എം.അഫ്‌സലും എ.എസ്.ഐയുമടക്കം അഞ്ച് പൊലീസുകാർ സഞ്ചരിച്ച ജീപ്പ് ഓടിക്കൊണ്ടിരിക്കേ അതിനു മുകളിലേക്ക് നിധിനും സംഘവും പ്രകോപനമില്ലാതെ ബോണറ്റിന് മുകളിൽ കയറി ചില്ല് ചവിട്ടി തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.