arreet-

കുന്നംകുളം: മാരക സിന്തറ്റിക് മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. മലപ്പുറം താനാളൂർ പാണ്ടിയാട് സ്വദേശി വിഷാരത്ത് വീട്ടിൽ മുഹമ്മദ് സിനാൻ (21), മലപ്പുറം താനാളൂർ കെ.ഡി ജാറം ഉള്ളാട്ടിൽ വീട്ടിൽ സൈനുൽ ആബിദ് (24) എന്നിവരാണ് പിടിയിലായത്.

ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മേഖലയിൽ ലഹരി വസ്തുക്കളെത്തുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ അക്കിക്കാവിൽ നിന്നും പിടിയിലായത്. ഇവർ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയാൻ മേഖലയിൽ പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് ഇരുവരുടെയും ദേഹ പരിശോധന നടത്തി.

കുന്നംകുളം എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എ.സജീഷ് കുമാർ, കുന്നംകുളം അഡീഷണൽ സബ് ഇൻസ്‌പെക്ടർ പോളി, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എ.സി.ജോസഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സന്തോഷ്, നിതീഷ്, സതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, വിജിത്ത്, ശ്യാംരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.