
വർക്കല: ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആൻഡ് വാട്ടർ സ്പോർട്സ് വർക്കല പാപനാശം ബീച്ചിൽ ഇന്ന് രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അഡ്വ.വി. ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്‌ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും വർക്കല നഗരസഭയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കുന്നത്. കടലിന് മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ സവിശേഷത.
100 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശവും തൂണുകൾ സ്ഥാപിച്ച് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
പാലത്തിൽ നിന്നും കടൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി 11 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമായി പ്ലാറ്റ്‌ഫോം
700 കിലോ ഭാരമുള്ള കൂറ്റൻ നങ്കൂരങ്ങൾ ഉപയോഗിച്ച് പാലത്തെ ഉറപ്പിച്ചു നിറുത്തുന്നു
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെൻസിറ്റി പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം ഒരുക്കിയിട്ടുള്ളത്.
സഞ്ചാരികൾ സുരക്ഷാ ലൈഫ് ജാക്കറ്റുകളും ധരിച്ചുവേണം പാലത്തിൽ പ്രവേശിക്കാൻ.
സജ്ജീകരണങ്ങളും റെഡി
ലൈഫ് ഗാർഡുകളും സുരക്ഷാ ബോട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ സഞ്ചാരികൾക്ക് ഉല്ലാസത്തിനായി വാട്ടർ സ്പോർട്സ് ഇനങ്ങളായ സ്പീഡ് ബോട്ടുകൾ, ബീച്ച് ബാഗി, ജെറ്റ് അറ്റാക്ക്, സ്കൂബാ ഡൈവിംഗ്, ജെറ്റ്സ്കി, കയാക്കിംഗ്, ബമ്പർ റെയ്ഡ്, കട്ടമരം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് സഞ്ചാരികൾക്ക് കടൽക്കാഴ്ചകൾ കാണാൻ അവസരം. വരും ദിവസങ്ങളിൽ രാവിലെ 9 മുതൽ 6 വരെയായി സമയം ക്രമപ്പെടുത്തും. ജി.എസ്.ടി ചാർജ് ഉൾപ്പെടെ 120 രൂപയ്ക്ക് 20 മിനിറ്റ് നേരമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന് നിലവിൽ നൽകിയിട്ടുള്ള നിരക്ക്.