
നെടുമങ്ങാട് : ചരിത്ര സാക്ഷിയായ അരയാൽ മുത്തശ്ശിയുടെ ശിഖരങ്ങൾ മുറിച്ചതിൽ മനംനൊന്ത് ഏകപാത്ര നാടകത്തിലൂടെ ശില്പിയുടെ പ്രതിഷേധം. പ്രമുഖ ചിത്രകാരനും ശില്പിയും നാടക കലാകാരനുമായ രാജേഷ് ട്വിങ്കിൾ ആണ് ആൽമരത്തിന്റെ ജീവൻ എന്ന ഒറ്റയാൾ നാടകവുമായി തെരുവിലിറങ്ങിയത്. നെടുമങ്ങാട് കച്ചേരി നടയിൽ തണലേകി നിൽക്കുന്ന ആൽമരത്തിന്റെ കൊമ്പുകൾ കഴിഞ്ഞ ദിവസം പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ മുറിച്ചിരുന്നു. കൈകൾ മുറിക്കരുതേ എന്ന് നിലവിളിച്ചു പിടയുന്ന ആൽമരമായാണ് ശില്പിയുടെ വേഷപ്പകർച്ച. 15 മിനിട്ട് ദൈർഘ്യമുള്ള നാടകം കാലിക പ്രസക്തമാണ്. ആൽമരവും രാജഭരണകാലത്ത് ഇതിന്റെ ചുവട്ടിൽ സ്ഥാപിച്ച വിളക്കുമരവും പൈതൃകസ്വത്തായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് മരത്തിന്റെ കൊമ്പുകൾ മുറിച്ചു നീക്കിയത്. ഏണിക്കര, പഴകുറ്റി,ആനാട് എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളായി തണൽ വിരിച്ചുനിന്ന അരയാൽ മരങ്ങൾ ഒന്നൊഴിയാതെ ചുവടോടെ മുറിച്ചു മാറ്റിയിരുന്നു.ശേഷിക്കുന്ന അരയാലിനാണ് കോടാലി വീണിരിക്കുന്നത്.റോഡ് വികസനം വരുമ്പോൾ ഇതും മുറിച്ചു മാറ്റേണ്ടി വരുമെന്ന മുന്നറിയിപ്പുണ്ട്.സമൂഹ മനസാക്ഷി ഉണർത്താനാണ് ഏകപാത്ര നാടകത്തിലൂടെ തന്റെ പ്രതിഷേധമെന്ന് ശില്പി പറഞ്ഞു.നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള കലാകാരനാണ് രാജേഷ് ട്വിങ്കിൾ.