
ശിവഗിരി: തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർ ശിവഗിരിയിലേക്ക് കാർഷിക ഉത്പന്നങ്ങൾ എത്തിക്കും. ഭക്തർക്കായി ഗുരുപൂജ പ്രസാദം തയ്യാറാക്കുന്നതിനാണ് വിവിധകേന്ദ്രങ്ങളിൽ നിന്ന് കാർഷികവിളകളും പലവ്യഞ്ജനങ്ങളും എത്തിക്കുന്നത്. ഗുരുധർമ്മ പ്രചരണസഭ ആലപ്പുഴ-കോട്ടയം ജില്ലാകമ്മിറ്റികളുടെ ചുമതലയിൽ നിരവധി വാഹനങ്ങളിലായി ഉത്പന്നങ്ങൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളായി. കോട്ടയത്തു നിന്നും നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആലപ്പുഴയിൽ നിന്നും മുഹമ്മ വിശ്വഗാജി മഠത്തിൽ നിന്നുമാകും വാഹനങ്ങൾ പുറപ്പെടുക.
ഐ.എം.എദേശീയ സമ്മേളനത്തിന് ഒരുങ്ങി തലസ്ഥാനം
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) 96-ാമത് ദേശീയ സമ്മേളനം
ബുധൻ,വ്യാഴം ദിവസങ്ങളിൽ കോവളം ഉദയസമുദ്രയിൽ നടക്കുമെന്ന് ഭാരവാഹികളായ ഡോ.ശ്രീജിത്ത് എൻ.കുമാർ,ഡോ.സുൽഫി നൂഹു എന്നിവർ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച ഐ.എം.എ ദേശീയ പ്രവർത്തക സമിതി യോഗം ചേരും. ബുധനാഴ്ച നടക്കുന്ന സെൻട്രൽ കൗൺസിൽ യോഗത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
വ്യാഴാഴ്ച നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും അനുബന്ധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പൊതുജനാരോഗ്യ സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഐ. എം. എ തയ്യാറാക്കുന്ന ഹെൽത്ത് മാനിഫെസ്റ്റോയും തിരുവനന്തപുരം ഡിക്ലറേഷനും ശശി തരൂർ എം.പി പ്രകാശനം ചെയ്യും. ഐ.എം.എ ദേശീയ ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയാകും.
സ്ത്രീധന വിരുദ്ധ പ്രതിജ്ഞയിൽ പങ്കെടുക്കുക: ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം: ഇന്ന് സന്ധ്യക്ക് വീടുകളിൽ കുടുംബാംഗങ്ങളുമായി ഒത്തുചേർന്ന് ദീപം തെളിച്ച് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന് എല്ലാ മലയാളികളും തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റി അഭ്യർത്ഥിച്ചു. കരുണയുടെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്മസ് സന്ധ്യയിൽ കേരളം ഒറ്റക്കെട്ടായി സ്ത്രീധനത്തിനെതിരെ ആരംഭിക്കുന്ന ശക്തമായ ബോധവത്കരണമായി ഇത് മാറണമെന്ന് ജോയിന്റ് കൗൺസിൽ വനിത കമ്മിറ്റി ഭാരവാഹികളായ വി.വി.ഹാപ്പിയും എൻ.എൻ.പ്രജിതയുംഅറിയിച്ചു.
സെന്റ് മേരീസ് ബസിലിക്കയിൽ
പാതിരാക്കുർബാന മുടങ്ങി
കൊച്ചി: ഒരു വർഷമായി അടഞ്ഞു കിടക്കുന്ന സിറോമലബാർ സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ ക്രിസ്മസ് രാത്രിയിൽ പാതിരാക്കുർബാന നടന്നില്ല.
കുർബാനയ്ക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പില്ലാതിരുന്നതിനാൽ ബസിലിക്ക തുറക്കേണ്ടെന്ന് തീരുമാനിച്ചതായി വികാരിയും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ആന്റണി പൂതവേലി അറിയിച്ചു.