
തിരുവനന്തപുരം: ഇ.എസ്.ഐ ആശുപത്രികളിലെ ഡോക്ടർമാർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനയും നൽകാതെ മുരടിപ്പിലേക്ക് തള്ളിവിട്ട് സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഇ.എസ്.ഐ ഡയറക്ടറേറ്റ്. ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാരുടേതിന് സമാനമായി ജോലി ചെയ്യുന്നവരോടാണ് വിവേചനം. ഒരേ തസ്തികയിൽ ശമ്പളവർദ്ധനവില്ലാതെ പണിയെടുത്ത് വിരമിക്കേണ്ട ദുരവസ്ഥയിലാണ് 368 ഡോക്ടർമാർ.
2021ൽ പതിനൊന്നാം ശമ്പള പരിഷ്കണം നിലവിൽ വന്നത് മുതലാണ് സാമ്പത്തിക പ്രതിസന്ധിയെന്ന മുടന്തൻന്യായം പറഞ്ഞ് അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കുന്നത്. ഇക്കാലയളവിൽ 30 ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിക്കേണ്ടിവന്നു. അസിസ്റ്റന്റ് ഇൻഷ്വറസ് മെഡിക്കൽ ഓഫീസറായാണ് സർവീസിൽ പ്രവേശിക്കുന്നത്. എട്ട് വർഷമാകുമ്പോൾ ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ ഗ്രേഡ് 2ആയും 15വർഷമാകുമ്പോൾ ഗ്രേഡ് 1ആയും സ്ഥാനക്കയറ്റത്തിന് അർഹരാകും. ഒപ്പം ശമ്പള വർദ്ധനയും. 2021മുതൽ ഇത് നിഷേധിക്കുകയാണ്.
ആറുമാസം മുമ്പ് മൂന്ന് ഡോക്ടർമാർ എട്ടുവർഷത്തെ ഗ്രേഡ് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറലിന് അപേക്ഷ നൽകുകയും അത് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നൽകരുതെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് എ.ജിക്ക് കത്ത് നൽകി. ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത് നിഷേധിക്കേണ്ടതെന്ന് എ.ജിയുടെ ഓഫീസ് ചോദിച്ചതോടെ പിഴവ് പറ്റിയെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തടിയൂരി. തുടർന്ന് ഇവർക്കുമാത്രം ഗ്രേഡ് അനുവദിച്ചു. ആഴ്‌ചകൾക്ക് മുമ്പ് അർഹമായ സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് 23 ഡോക്ടർമാർ ഡയറക്ടറേറ്റിൽ നൽകിയ അപേക്ഷ നിയമപ്രകാരം എ.ജിക്ക് കൈമാറാതെ ധനവകുപ്പിനാണ് കൈമാറിയത്. ഇത് സ്ഥാനക്കയറ്റം നിഷേധിക്കാനാണെന്നാണ് ആക്ഷേപം.
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും
താഴ്ന്ന തസ്തികയിൽ
കാർഡിയോളജിയിലടക്കമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർവരെ അസി. ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലാണ് ജോലി ചെയ്യുന്നത്. എം.ബി.ബി.എസ് മാത്രമായി സർവീസിലെത്തുന്ന ആരോഗ്യവകുപ്പിലടക്കമുള്ള ഡോക്ടർമാർക്ക് ഹയർസ്റ്റാർട്ടും ഇതിന്റെ ഭാഗമായുള്ള 10,000 രൂപ ആനുകൂല്യവും നൽകേണ്ടതില്ലെന്ന് കഴിഞ്ഞ ശമ്പള പരിഷ്കരണ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. ഇതിനായി എം.ഡി യോഗ്യത വേണമെന്നും നിഷ്കർഷിച്ചു. പ്രതിഷേധമുയർന്നതോടെ ആരോഗ്യവകുപ്പിൽ പഴയപടിയാക്കിയെങ്കിലും ഇ.എസ്.ഐ ഡോക്ടർമാരെ തഴഞ്ഞു.
09
ഇ.എസ്.ഐ ആശുപത്രികൾ
145
ഇ.എസ്.ഐ ഡിസ്‌പെൻസറികൾ
368
ഇ.എസ്.ഐ ഡോക്ടർമാർ