p

തിരുവനന്തപുരം: 'ഭൂമിയിൽ സമാധാനം' എന്ന സ്‌നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉത്കൃഷ്ട സ്തുതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
അനുകമ്പയും ഉദാരതയും സാഹോദര്യവും ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെയെന്നും ഗവർണർ ആശംസിച്ചു.

സ്പീക്കർ എ.എൻ.ഷംസീർ

മുറിക്കുന്ന കേക്കിന്റെ നിറമോ രുചിയോ അല്ല, പങ്കിട്ടു കഴിക്കുമ്പോഴുള്ള ആനന്ദമാണ് അതിലെ മധുരമെന്ന് സ്പീക്കർ എ.എൻ.ഷംസീർ ക്രിസ്മസ് സന്ദേശത്തിൽ അറിയിച്ചു. ആഘോഷങ്ങളെ സവിശേഷമാക്കുന്നത് അതുയർത്തുന്ന മാനവികമൂല്യങ്ങളാണ്. ക്രിസ്മസ് മാനവികതയുടെ പുതുപ്പിറവിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന ക്രിസ്മസ്, സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നതായി മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയിർത്തെഴുന്നേൽപ്പുണ്ടായത് പോലെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്റെ സന്തോഷത്തുരുത്തിലേക്ക് തിരിച്ചു വരാമെന്ന ആത്മവിശ്വാസം നമുക്കുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. സ്‌നേഹം കൊണ്ട് എല്ലാവരെയും ജയിക്കാൻ ക്രിസ്മസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.