k-sudhakaran

തിരുവനന്തപുരം: നവകേരള സദസ്സിലെ പൊലീസ് ആക്രമണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി.

. ഡി.ജി.പി ഓഫീസ് മാർച്ചിന്റെ വേദിയിലേക്കടക്കം ടിയർ ഗ്യാസ് പ്രയോഗിച്ചതിലൂടെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്.പൊലീസിന്റെ നരനായാട്ടിനെതിരേ ഡിസംബർ 27ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരിൽ വൻ പ്രതിഷേധ ജ്വാല നടത്തുമെന്ന അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ഡി.ജി.പി ഓഫീസ് മാർച്ചിനിടെ നടന്ന ആസൂത്രിതമായ ആക്രമണം മുഖ്യമന്ത്രി അറിയാതെ സംഭവിക്കില്ല. കേസെന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. പിണറായി സൈക്കോ പാത്തിനെപ്പോലെയാണ് പെരുമാറുന്നത്. ജീവൻരക്ഷാപ്രവർത്തനം എന്ന മനോഹരമായ പദത്തെ ക്രൂരതയുടെയും രക്തച്ചൊരിച്ചിലിന്റെയും പദാവലിയാക്കി മാറ്റിയ പിണറായി വിജയൻ ക്രൂരതയുടെ പര്യായമാണ്. ഗുണ്ടകളെയാണ് നവകേരള സദസ്സിന് അകമ്പടിയായി നിയോഗിച്ചിരുന്നത്. കൊലയാളി മനസ്സുള്ള പിണറായി വിജയനെ നിലയ്ക്ക് നിർത്താൻ സി.പി.എമ്മിൽ ആളില്ല. കരിങ്കൊടി പ്രതിഷേധം പോലും കേരളത്തിൽ പറ്റുന്നില്ല. ഇവിടെ നിയമവാഴ്ചയുണ്ടോ?

സി.പി.എം നേതാവ് പി.ശശി ആക്ടിങ് ഡി.ജി.പിയാകുകയാണ്. വാർത്തസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പുച്ഛിക്കുന്നു.വിമർശിച്ച പത്രപ്രവർത്തകരെയെല്ലാം പോലീസ് പിടിച്ച് അകത്തിടുകയാണ്.പത്രപ്രവർത്തകരുടെ സംഘടനകൾ നിശബ്ദത വെടിഞ്ഞ് പ്രതികരിക്കണം. കോൺഗ്രസ് അതിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.