g

ജീവൻമുക്തനും തമോമുക്തനും അദ്വൈതിയും ബ്രഹ്മജ്ഞാനിയുമായ വിശ്വവന്ദ്യൻ ശ്രീനാരായണ ഗുരുദേവൻ 1904 ലാണ് തെക്കൻ കാശിയെന്ന് അറിയപ്പെടുന്ന വർക്കല ശിവഗിരിയിൽ വന്നെത്തുന്നത്. ആത്മീയ സാന്ത്വനത്തിന്റെ നിറസാന്നിദ്ധ്യമായി അറിവിന്റെ തീർത്ഥാടനം മാറിയത് അതുല്യമായ ഗുരുദേവ ചൈതന്യത്താലാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവ്വ മനുഷ്യരേയും സോദരഭാവത്തിൽ അണിനിരക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് ശിവഗിരി തീർത്ഥാടനം- ഗുരുദേവൻ 91 സംവത്സരങ്ങൾക്കു മുൻപ് കല്പിച്ചനുവദിച്ച മഹാപ്രസ്ഥാനം.

ശിവഗിരി തീർത്ഥാടനം മറ്റു തീർത്ഥാടനങ്ങളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നത്,​ തീർത്ഥാടന ലക്ഷ്യങ്ങളായി ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച എട്ട് വിഷയങ്ങളാലാണ്- വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം തുടങ്ങി മനുഷ്യരാശിക്ക് സർവ്വതോമുഖമായ ഉന്നതിക്ക് ഉതകുന്നതുകൊണ്ടാണ് ഗുരു ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. തീർത്ഥാടകർ പീതാംബര ദീക്ഷ സ്വീകരിച്ച് പത്തുദിവസം വ്രതമനുഷ്ഠിച്ച് ശിവഗിരിയിൽ എത്തണമെന്നാണ് ഗുരുദേവ കല്പന. മഹാസമാധിക്കു ശേഷം സരസകവി മുലൂർ പത്മനാഭപ്പണിക്കരുടെ കേരളവർമ്മ സൗധത്തിൽനിന്ന് 1932 ഡിസംബർ 20-ന് ആദ്യതീർത്ഥാടന സംഘം പുറപ്പെട്ടു.

ഗുരുദേവൻ സശ്ശരീരനായിരിക്കെ ശിവഗിരിയിലെ അന്തേവാസികൾ എല്ലാവരും നിത്യവും എല്ലാ മതഗ്രന്ഥങ്ങളും പാരായണം ചെയ്ത് പഠിക്കണമെന്നത് നിർബന്ധമായിരുന്നു. ശിവഗിരിയിലെ ബ്രഹ്മ വിദ്യാലയത്തിൽ ബൈബിൾ, ഖുറാൻ, വേദങ്ങൾ, ഗീത, ഉപനിഷത്തുക്കൾ, ബുദ്ധമത ഗ്രന്ഥങ്ങൾ എല്ലാം പാഠ്യവിഷയങ്ങളാണ്. ശിവഗിരിയിൽ തീർത്ഥാടകർക്ക് നിരവധി ആരാധനാലയങ്ങളുണ്ടെങ്കിലും ജനലക്ഷങ്ങൾക്ക് സ്വർഗീയതയിലേക്കും നിത്യ ആനന്ദത്തിലേക്കും ശാന്തിയിലേക്കുമുള്ള തൃക്കോവിലായി പരിലസിക്കുന്നത് പ്രകൃതിരമണീയവും പരിശുദ്ധവുമായ ശിവഗിരിക്കുന്നിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന മഹാസമാധി ക്ഷേത്രമാണ്.

ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ ശിവഗിരിയിലെ അന്തേവാസികൾ എല്ലാവരും നിത്യവും എല്ലാ മതഗ്രന്ഥങ്ങളും പാരായണം ചെയ്ത് പഠിക്കണമെന്ന് നിർബന്ധമായിരുന്നു. ഈ പതിവാണ് ബ്രഹ്മവിദ്യാ മന്ദിരത്തിൽ ഇപ്പോഴും തുടരുന്നത്. ആത്മീയവും ഭൗതികവുമായ അറിവു പകരുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ സമ്പന്നമാണ് ശിവഗിരി പ്രദേശം. ഗുരുദേവ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലവും ഈ സ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയും ശിവഗിരിക്കു സമീപമുണ്ട്.

കാമ,​ ക്രോധ,​ ലോഭ,​ മോഹ,​ മദമത്സരാദികളെ അതിജീവിച്ചുകൊണ്ട് സൃഷ്ടിക്കുവേണ്ടി ഒരുമിക്കാൻ നമുക്ക് സാധിക്കണം. സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ദിവ്യ പ്രബോധന യജ്ഞം നടക്കുന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. ഗുരുദർശന പഠന സാദ്ധ്യതകൾ കണ്ടെത്തി ശിവഗിരി കേന്ദ്രമാക്കി ശ്രീനാരായണ സർവകലാശാല യാഥാർത്ഥ്യമാക്കാൻ തീർത്ഥാടന വേളയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. ദുഃഖഭൂയിഷ്ടമായ ഈ സംസാര ജീവിതത്തിൽ നിന്ന് അറിവിന്റെ പരകോടിയിലെത്താൻ ഗുരുവിന്റെ മഹിതസവിധമായ ശിവഗിരിയിലേക്കെത്തുന്ന ലോകമെമ്പാടുമുള്ള തീർത്ഥാടന ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നു.

(ലേഖകന്റെ ഫോൺ: 95679 34095)​